ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പേരിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകൾ മുതൽ നിഹാംഗുകൾ സമരവേദികളിൽ സജീവമാണ്. സമരത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ സമരക്കാർക്കൊപ്പം ഉറപ്പിച്ചത്. സമരവേദിയിലെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിഹാംഗുകളുമായി ബന്ധമില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞുവെങ്കിലും നിഹാംഗുകളുടെ ശക്തമായ പിന്തുണ കഴിഞ്ഞ ദിവസം വരെ ഒപ്പം ഉണ്ടായിരുന്നു.
കുതിരപ്പുറത്ത് കുന്തവും വാളും മറ്റ് ആയുധങ്ങളുമായി സമരവേദിയിലെത്തിയ ഇവർക്ക് മാദ്ധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യവും വലുതായിരുന്നു. മലയാള മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇവരെ പുകഴ്‌ത്തി ദൃശ്യവാർത്തകളും ലേഖനങ്ങളും നൽകി. ചില ചാനലുകൾ ഇവരുടെ ചരിത്രവും നിലപാടുകളും ഉയർത്തിക്കാട്ടി പ്രത്യേക വാർത്താധിഷ്ഠിത പരിപാടികൾ വരെ സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ സിംഘു അതിർത്തിയിലെ കൊലപാതകത്തോടെ ഇവരുടെ കഥകൾ പാടി നടന്ന മാദ്ധ്യമങ്ങൾ ഇവരുടെ മറ്റൊരു മുഖമാണ് കണ്ടത്.
ജീവന് വേണ്ടി അവസാന പിടച്ചിലും പിടഞ്ഞു കേണ ഒരാളെ നിർദ്ദയം കൊലപ്പെടുത്തിയതോടെ നിഹാംഗുകളുടെ യഥാർത്ഥ രീതി മറനീക്കി പുറത്തുവരികയാണ്. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന പേരിൽ നടത്തിയ കൊലപാതകം രാജ്യത്തെ നിയമസംവിധാനങ്ങളെ കൈയ്യിലെടുക്കുന്നതായിരുന്നു. കൊല്ലപ്പെട്ട ലഖ്ബീർ സിംഗിന്റെ കൈപ്പത്തിയും കാലുകളും അറുത്തുമാറ്റിയ നിലയിലായിരുന്നു. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന പേരിലായിരുന്നു ഇത്രയും കടുത്ത ശിക്ഷ നൽകിയത്. ഹരിയാനയിലെ സോനിപ്പട്ട് ജില്ലയിലെ കുണ്ഡ്‌ലിയിലായിരുന്നു താലിബാനെപ്പോലും നാണിപ്പിക്കുന്ന ശിക്ഷ നിഹാംഗുകൾ നടപ്പാക്കിയത്.
ഡൽഹിയിലെ സമരത്തിന് വലിയ മാദ്ധ്യമശ്രദ്ധ ലഭിച്ചതോടെയാണ് നിഹാംഗുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നീല പരമ്പരാഗത വസ്ത്രവും തലപ്പാവും ധരിച്ച്, പടച്ചട്ടയണിഞ്ഞ്, ഊരിപ്പിടിച്ച വാളും കുന്തവുമേന്തി കുതിരപ്പുറത്തായിരുന്നു വരവ്. സമരവേദിക്ക് സമീപം പലപ്പോഴും ബസുകൾക്കും മറ്റ് പൊതുവാഹനങ്ങൾക്കും നേരെ കുന്തവും വാളും ഉപയോഗിച്ച് ഇവർ അക്രമം അഴിച്ചുവിട്ടു. സമരത്തിന്റെ വിജയം മുന്നിൽകണ്ടും അന്ധമായ കേന്ദ്രസർക്കാർ വിരോധവും മൂലം ഒരു വിഭാഗം മാദ്ധ്യമങ്ങളും സമരക്കാരും ഇതൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിഹാംഗുകളുടെ തനിനിറം പുറത്തുവന്നതോടെ ഈ മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞിരിക്കുകയാണ്.
‘അകാലി’ അഥവാ അനശ്വരരായവർ എന്നാണ് നിഹാംഗ് എന്ന വാക്കിന്റെ അർത്ഥം. ഗുരു ഹർഗോബിന്ദ് ആരംഭിച്ച ‘അകാലി ദൾ’ എന്നതിൽ നിന്നുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകൾ. മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്റെ സൈന്യം എന്നാണ് ഇത് അർത്ഥമാക്കുന്നത്. സാധാരണ സിഖുകാരിൽ നിന്ന് വ്യത്യസ്തമായ പ്രാർത്ഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാംഗുകളുടെ നിയമം. എന്നാൽ ഈ നിയമങ്ങളൊക്കെ കാറ്റിൽപറത്തിയായിരുന്നു നിരായുധനായ ലഖ്ബീർ സിംഗിനെ നിഹാംഗുകൾ ക്രൂരമായി കൊലചെയ്തത്.
















Comments