ഭോപ്പാൽ : പശുക്കളിലെ പാലുൽപ്പാദനം വർദ്ധിപ്പിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പശുക്കൾക്ക് ചോക്ലേറ്റ് നൽകുന്നത് ഗുണകരമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.കന്നുകാലികൾക്ക് ചോക്ലേറ്റ് നൽകുന്നത് വഴി പാലുൽപ്പാദനവും പ്രത്യുൽപ്പാദനശേഷിയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ മദ്ധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായിട്ടുള്ള ദേശ്മുഖ് വൈറ്റിനറി സയൻസ് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
രണ്ടുമാസത്തെ ഗവേഷണത്തിന് ഒടുവിൽ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചോക്ലേറ്റ് കാലിത്തീറ്റ തയ്യാറാക്കിയതായി ഗവേഷകർ വ്യക്തമാക്കി.കന്നുകാലികൾക്ക് കഴിക്കാൻ പുല്ലിന് ക്ഷാമം നേരിടുന്ന സമയത്തും പകരം നൽകാവുന്നതാണ് ചോക്ലേറ്റ് കാലിത്തീറ്റയെന്ന് സർവകലാശാല വൈസ് ചാൻസിലർ എസ്.പി തിവാരി വ്യക്തമാക്കി.ചോക്ലേറ്റ് കന്നുകാലികൾക്ക് തീറ്റയായി നൽകുന്നത് വഴി പാലുൽപ്പാദനം വർദ്ധിക്കും.പ്രത്യുൽപ്പാദനശേഷിയും ഉയരും.മറ്റ് കാലിത്തീറ്റകളുടെ കൂടെ ചേർത്ത് ഇത് നൽകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കർഷകരുടെ ഇടയിൽ ഇത്തരത്തിൽ തയ്യാറാക്കിയ വ്യത്യസ്തമായ രീതിയിലുള്ള ചോക്ലേറ്റ് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ചോക്ലേറ്റ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറാനും സർവകലാശാല പദ്ധതിയിടുന്നുണ്ട്. സ്റ്റാർട്ട് അപ്പിന് രൂപം നൽകാൻ മുന്നോട്ടുവരുന്ന വെറ്റിനറി ബിരുദധാരികൾക്കാണ് സർവ്വകലാശാല സാങ്കേതിക വിദ്യ കൈമാറുക.
ശർക്കരപാവ്,ഉപ്പ്,നാരങ്ങപ്പൊടി,കടുക്,തുടങ്ങിയ കന്നുകാലി തീറ്റ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ചോക്ലേറ്റ് കാലിത്തീറ്റയിലും ഉപയോഗിച്ചിട്ടുണ്ട്.500 ഗ്രാം തൂക്കം വരുന്നതാണ് ഓരോ കഷ്ണം ചോക്ലേറ്റും.ഒരു കഷ്ണത്തിന് 25 രൂപയാണ് വില.ചോക്ലേറ്റ് ഉത്പാദിപ്പിക്കുന്നതിന് വേണ്ടി സർവകലാശാല മരം കൊണ്ടുള്ള അച്ചുകൾ രൂപകൽപ്പന ചെയതിട്ടുണ്ട്.ഇതുവരെ 500 യൂണിറ്റോളം ചോക്ലേറ്റുകൾ സർവകലാശാല നിർമ്മിച്ചിട്ടുണ്ട്.അനുമതി തേടി സർവകലാശാല സംസ്ഥാന സർക്കാരിന് കത്തയച്ചിട്ടുണ്ട്.അനുമതി ലഭിച്ചാൽ ഉടൻ ചോക്ലേറ്റ് വിപണിയിലിറക്കുമെന്ന് എസ്പി തിവാരി അറിയിച്ചു.
Comments