മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ആർതർ റോഡ് ജയിലിലാണ് താരപുത്രനുള്ളത്. അറസ്റ്റിലായതിന് പിന്നാലെ ആര്യൻ ഖാനെ കേന്ദ്രീകരിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആര്യനെ തല്ലിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വാങ്കഡെ.
സംഭവം വ്യാജമാണെന്ന് സമീർ വാങ്കഡെ സ്ഥിരീകരിച്ചു. എൻസിബി ഒരു പ്രൊഫഷണൽ ഏജൻസിയാണ്. ആരോപണ വിധേയർക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയും ലഭിക്കുമെന്നും സമീർ വാങ്കഡെ പറഞ്ഞു. ആര്യനെ രണ്ടുതവണ തല്ലിയെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് സമീർ വാങ്കഡെ പറഞ്ഞു. ഒരു സിനിമാ കഥപോലെയാണ് സംഭവം വൈറലായത്.
മകൻ പിടിയിലായിരിക്കുന്ന വിവരം അറിഞ്ഞ് ഷാരൂഖ് ഖാൻ സമീർ വാങ്കഡെയെ വിളിക്കുന്നു. തന്റെ മകനെ ശ്രദ്ധിക്കണമെന്ന് പറയുന്നു. വാങ്കഡെ ആര്യൻ ഖാനെ ഫോണിനരികിലേക്ക് വിളിക്കുന്നു.. കവിളത്ത് രണ്ട് അടി…. എന്നിട്ട് പറയുന്നു ‘മിസ്റ്റർ ഷാരൂഖ് ഈ അടി നിങ്ങൾ നേരത്തെ മകന് നൽകിയിരുന്നുവെങ്കിൽ ഇയാൾ എന്റെ മുൻപിൽ ഇങ്ങനെ ഇരിക്കില്ലായിരുന്നു’. നിരവധി വാർത്താ മാദ്ധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സമീർ വാങ്കഡെ എത്തിയത്.
അതിനിടെ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 20ന് ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. ആര്യൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻസിബി വാദിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും വിദേശത്തേയ്‌ക്ക് കടക്കാനും സാദ്ധ്യതയുണ്ടെന്നാണ് എൻസിബി കോടതിയിൽ അറിയിച്ചത്.
















Comments