ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ വഴങ്ങാതെ വന്നതോടെ വീണ്ടും ഭീഷണിയുടെ സ്വരവുമായി ഭാരതീയ കിസാൻ യൂണിയൻ. കേന്ദ്രം പ്രതിഷേധക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് പുതിയ ഭീഷണി.ബികെയു ഹരിയാന അദ്ധ്യക്ഷൻ ഗുരുഗ്രാം സിംഗ് ചതുനിയാണ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
റോഹ്തകിൽ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിലായിരുന്നു ഇയാൾ പരസ്യമായി ഭീഷണി മുഴക്കിയത്. ക്ഷമയ്‌ക്ക് പരിധിയുണ്ടെന്നും, കേന്ദ്രസർക്കാർ പ്രതിഷേധക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നുമായിരുന്നു ചതുനിയുടെ പരാമർശം. തങ്ങൾ അക്രമം ആഗ്രഹിക്കുന്നവരല്ലെന്നും, നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും ചതുനി പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ചയെ പിന്തുണയ്‌ക്കുന്ന നിഹാംഗുകൾ ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി പ്രതിഷേധക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
സിംഘു അതിർത്തിയില കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനിടെ ബികെയു വക്താവ് രാകേഷ് ടികായതും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
അതേസമയം സിംഘു അതിർത്തിയിൽ നടന്ന സംഭവത്തിൽ ബികെയു നേതാക്കൾക്ക് പങ്കില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. തങ്ങളുടെ പ്രക്ഷോഭത്തിൽ അക്രമങ്ങൾക്ക് സ്ഥാനമില്ല. കുറ്റം ചെയ്തവർക്ക് ശക്തമായ ശിക്ഷ നൽകണമെന്നും ടികായത് പ്രതികരിച്ചിരുന്നു.
Comments