കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണുമായി നടി ഗായത്രി സുരേഷ്. അപകടമുണ്ടായത് ശരിയാണെന്നും വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ചെയ്ത തെറ്റെന്നും ഗായത്രി സുരേഷ് പറയുന്നു. നാട്ടുകാർ ഗായത്രി സുരേഷിനേയും കൂട്ടുകാരേയും തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു.
‘എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവയ്‌ക്കുന്നത്’ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടി, സൈഡ് മിറർ പോയി. ടെൻഷൻ െകാണ്ട് വാഹനം നിർത്തിയില്ല. കാരണം !ഞാനൊരു നടിയാണല്ലോ. ആളുകൾ കൂടിയാൽ എന്താകും എന്ന് പേടിച്ചാണ് നിർത്താതിരുന്നത്. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു.
ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.
ഇവർ പിന്തുടർന്നുപിടിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. ഇവർ പുറകെ വരുന്നത് കണ്ടപ്പോൾ നമ്മളും സ്പീഡിൽ പാഞ്ഞു. സിനിമയിലൊക്കെ കാണുന്നതുപോലെ ചേസിങ് ആണ് ഉണ്ടായത്. എല്ലാകാര്യങ്ങളും അവസാനം പറഞ്ഞുതീർത്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ തെറ്റാണ് അപകടത്തിൽ കലാശിച്ചത്. ആർക്കും മറ്റു പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടം ജീവിതത്തിൽ സംഭവിക്കും. അതിനെ എങ്ങനെ നേരിടുക എന്നതാണ് വെല്ലുവിളി.’ഗയത്രി സുരേഷ് പറഞ്ഞു.
ഗായത്രിയ്‌ക്കൊപ്പമുള്ള യുവാവാണ് വാഹനം ഓടിച്ചിരുന്നത്. പല വാഹനങ്ങളേയും ഇടിച്ചാണ് ഈ കാർ ചീറി പാഞ്ഞതെന്ന് യാത്രക്കാർ പറയുന്നു. കൂടാതെ ഒരു സ്ത്രീയും ഇവർക്കെതിരെ രൂക്ഷമായി സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നാട്ടുകാർ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തിൽ നിന്നും യുവാവ് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഡ്രൈവർ മദ്യപിച്ചിരുന്നെന്നും ജനക്കൂട്ടം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്.
Comments