ടെൽ അവീവ്: ജറുസലേമിൽ ഇന്ത്യൻ സൈനികരുടെ ശവകുടീരം സന്ദർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ശവകുടീരമാണിത്. പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ജറുസലേമിലെ ഔദ്യോഗിക പരിപാടികൾക്ക് എസ്. ജയശങ്കർ തുടക്കമിട്ടത്.
ഇവിടുത്തെ സന്ദർശക ഡയറിയിൽ അദ്ദേഹം തന്റെ അഭിപ്രായം കുറിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രിയെന്ന നിലയിൽ ആദ്യമായിട്ടാണ് എസ് ജയശങ്കർ ഇസ്രായേലിൽ എത്തുന്നത്.
ഇസ്രായേലിലെ വ്യവസായ സമൂഹവുമായും ജയശങ്കർ ആശയവിനിമയം നടത്തി. ഇന്ത്യയിലെ അവസരങ്ങളിലേക്ക് ഇസ്രായേൽ വ്യവസായികളെ ആകർഷിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കൊറോണാനന്തര കാലഘട്ടത്തിൽ ഡിജിറ്റൽ, ആരോഗ്യ, കാർഷിക മേഖലകളിൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ജൂണിലാണ് ഇസ്രായേലിൽ പലസ്തീൻ സംഘർഷത്തിന് ശേഷം ബെഞ്ചമിൻ നെതന്യാഹു സ്ഥാനമൊഴിഞ്ഞ് പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റത്. പുതിയ ഭരണകർത്താക്കളുമായുളള കൂടിക്കാഴ്ചയും ഇന്ത്യയെ സംബന്ധിച്ച് രാഷ്‌ട്രീയ പ്രാധാന്യമേറിയതാണ്. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, വിദേശകാര്യമന്ത്രി യായിർ ലാപിഡ് തുടങ്ങിയവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.
Comments