മുംബൈ : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി മുതൽ ആര്യൻ ഖാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാകും.
നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ആര്യന് പുറമേ കേസിൽ അറസ്റ്റിലായ മറ്റുള്ളവരും ഈ ജയിലിൽ ആണ്. ഇവരുമായി ആര്യൻ ഇതുവരെ കൂടിക്കാഴ്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആര്യൻ ഒഴികെ ബാക്കിയുള്ള പ്രതികൾ സാധാരണ സെല്ലിലാണ് ഉള്ളത്.
ജയിലിലെ രീതികളോട് പൊരുത്തപ്പെടാൻ ആര്യൻ ഖാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. ജയിലിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ ആര്യൻ തയ്യാറാകുന്നില്ല. ഇത് ഉദ്യോഗസ്ഥരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കാന്റീനിൽ നിന്നുള്ള ഭക്ഷണമാണ് കൂടുതലായി കഴിക്കുന്നതെന്നാണ് വിവരം. ആര്യന്റെ വ്യക്തിശുചിത്വം സംബന്ധിച്ചും ഉദ്യോഗസ്ഥർ ആശങ്കയിലാണ്.
വാദം പൂർത്തിയായ ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെയാണ് ആര്യനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റിയത്. അതേസമയം അതിസുരക്ഷാ സെല്ലിലേക്ക് മാറ്റാനുണ്ടായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആര്യന് സുരക്ഷാ ഭീഷണിയുണ്ടോയെന്ന കാര്യത്തിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
Comments