ധാക്ക: ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ കമൽ. രാജ്യത്ത് ഹിന്ദു വിരുദ്ധ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാജ്യത്ത് ഇത്തരമൊരു ആക്രമണം നടക്കുന്നതെന്നും അസദുസമൻ ആരോപിച്ചു. 2023ലാണ് രാജ്യത്ത് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അസദുസമൻ കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ പങ്കിനെ കുറിച്ച് പറയാൻ അസദുസമൻ തയ്യാറായില്ല.
‘ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളായ ഒരാൾ പോലും രക്ഷപെടില്ല. രാജ്യത്തെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കും. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഒരേ പോലെ സംരക്ഷണമുണ്ടാകും. ആക്രമണം പദ്ധതിയിട്ടവർക്ക് അത് വിജയിപ്പിക്കാൻ കഴിയില്ല. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചിലർ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. അവരെ ഒരിക്കലും വിജയത്തിലെത്തിക്കില്ലെന്നും’ അസദുസമൻ പറഞ്ഞു.
ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെ കുമില്ലയിലാണ് ദുർഗാപൂജ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ ആദ്യം ആക്രമണം അഴിച്ചു വിട്ടത്. മതനിന്ദ നടന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 100ഓളം പേരെ അറസ്റ്റ് ചെയ്തതായും അസദുസമൻ വ്യക്തമാക്കി. അക്രമികളിൽ നാല് പേരെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ‘സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളോ മുസ്ലീങ്ങളോ ഈ സംഭവത്തിൽ പങ്കാളികളാകില്ല. രാജ്യത്തിന്റെ വികസനം തടയുക എന്നത് മാത്രമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ. പൂജാ പന്തലുകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.
















Comments