വാഷിങ്ടൺ: മലയാളിയായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. ജനുവരിയിൽ തിരികെ ഹാർവാഡ് സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് അറിയിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി മൂന്ന് വർഷത്തോളം സേവനം അനുഷ്ഠിച്ചു. ഈ പദവി വഹിക്കുന്ന ആദ്യ വനിത കൂടിയാണ്.
പദവിയിൽ ഇരുന്ന കാലയളവിൽ അവർ മികച്ച സംഭാവനയാണ് നൽകിയതെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജ്ജീവിയ പറഞ്ഞു. ഐഎംഎഫിന്റെ പ്രവർത്തനങ്ങളിൽ ഗീതയുടെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. കൊറോണ കാലത്ത് രാജ്യാന്തര വാക്സിനേഷൻ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിലും ഐഎംഎഫിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്കുവഹിച്ചുവെന്നും’ ക്രിസ്റ്റലീന ജോർജ്ജീവിയ പറഞ്ഞു.
2018ലാണ് ഗീത ഗോപിനാഥ് ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുക്കുന്നത്. 2016 ജൂലൈ മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം ചെയ്തിരുന്നു. രണ്ടുവർഷം സൗജന്യമായാണ് ഗീത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക ഉപദേശക സ്ഥാനം രാജിവച്ചത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരി കൂടിയായിരുന്നു ഗീത ഗോപിനാഥ്.
Comments