ന്യൂഡൽഹി: കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ശ്രീലങ്കൻ കായിക മന്ത്രി നമൾ രജപക്‌സ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അപൂർവ്വ സമ്മാനവുമായിട്ടാണ് എത്തിയത്. ഭഗവദ് ഗീതയുടെ സിംഹള പതിപ്പാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. സിംഹള ഭാഷയിലെ ഇംഗ്ലീഷ് പതിപ്പും തമിഴ് വിവർത്തനവും അടങ്ങിയ ഗ്രന്ഥമാണ് സമ്മാനിച്ചത്.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുളള ബന്ധത്തിന്റെയും സാംസ്‌കാരിക സമാനതകളുടെയും അടയാളമാണ് തമിഴ് വിവർത്തനമെന്ന് നമൾ രജപക്സ പറഞ്ഞു. ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ബുദ്ധമതമെന്ന് രജപക്സ അഭിപ്രായപ്പെട്ടു. ബുദ്ധമതം ശ്രീലങ്കയിൽ എത്തിയപ്പോൾ മുതൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾ തമ്മിലും ജനങ്ങൾ പരസ്പരവും വളരെ അടുത്ത ബന്ധമാണ് പങ്കുവെച്ചിട്ടുളളത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ബന്ധം പല മേഖലകളിലും വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് രാജ്യങ്ങളുടെയും ജനങ്ങളുടെ നൻമയ്‌ക്കാണിതെന്ന ശുഭസൂചനയാണ് ലഭിക്കുന്നതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ഹിന്ദു-ബുദ്ധ സംസ്‌കൃതിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന നഗരമാണ് കുശിനഗർ. ബുദ്ധ പരിക്രമ വിനോദസഞ്ചാര പദ്ധതിയിലെ പ്രധാന നഗരവുമാണിത്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. 260 കോടി ചെലവിലാണ് വിമാനത്താവള നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
കുശിനഗറിലേക്കുള്ള ആദ്യ അന്താരാഷ്‌ട്ര വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും ബഹുമാനവും തോന്നുന്നു. 2020 സെപ്റ്റംബറിൽ സംഘടിപ്പിച്ച വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ കുശിനഗറിലേക്കുള്ള ഉദ്ഘാടന ഫ്ലൈറ്റിൽ 100 ബുദ്ധമത പുരോഹിതന്മാർ ഉണ്ടാകണമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയോട് ഇന്ത്യൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതും നമൾ രജപക്സ ഓർത്തെടുത്തു.
















Comments