തിരുവനന്തപുരം: തന്റെ രാഷ്ടീയ നിലപാടുകൾ പരസ്യമായി വ്യക്തമാക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യൂട്യൂബ് ചാനലിലൂടെയാവും പ്രതികരണമെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആരംഭിക്കുന്ന ചാനലിന്റെ പേര് ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്നായിരിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്‌ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും, ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും കുറിപ്പിൽ പറയുന്നു. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ചെറിയാൻ ഫിലിപ്പ് ഇടത് സർക്കാരുമായി അത്ര രസത്തിലല്ല. നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. പുസ്തക രചനയുടെ തിരക്കാണെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതോടെ ചെറിയാൻ ഫിലിപ്പ് സർക്കാരിന്റെ കണ്ണിലെ കരടായി മാറി. ഇതോടെ ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വിമർശനം. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു. 2018ലെ മഹാപ്രളയത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നെതർലാൻഡ്സ് യാത്രയെയും ചെറിയാൻ ഫിലിപ്പ് വിമർശിച്ചിരുന്നു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.
രാഷ്‌ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.
Comments