വാഷിങ്ൺ: ട്വിറ്ററിനെയും ഫേസ്ബുക്കിനെയും വെല്ലാൻ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങുമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നു. ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ട പ്ലാറ്റ്‌ഫോം വൈകാതെ ആരംഭിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന. ആപ്പിന്റെ ബീറ്റ വേർഷൻ അടുത്ത മാസം അവതരിപ്പിക്കും.
വമ്പൻ ടെക് കമ്പനികളുടെ ദുഷ്പ്രഭുത്വത്തിനെതിരെ ധൈര്യപൂർവ്വം പോരാടുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ക്യാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപിന്റെ അനുകൂലികൾ നടത്തിയ അക്രമത്തെ തുടർന്നാണ് ട്വിറ്ററും ഫേസ്ബുക്കും അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഇതുവരെ വിലക്ക് പിൻവലിച്ചിട്ടില്ല. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ഇതിന് പിന്നാലെയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. അടുത്ത വർഷം തന്നെ അമേരിക്കയിൽ ട്രൂത്ത് സോഷ്യൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പ്ലാറ്റ്‌ഫോമിലൂടെ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നൽകാൻ കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
Comments