മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ കുടുങ്ങിയ മുംബൈയിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി അനന്യ പാണ്ഡെ എൻസിബി ഓഫീസിലെത്തി. ഉച്ചയ്‌ക്ക് ശേഷം അച്ഛനും നടനുമായ ചങ്കി പാണ്ഡെയ്‌ക്ക് ഒപ്പമാണ് അനന്യ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ഓഫീസിലെത്തിയത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു അനന്യ എൻസിബി ഓഫീസിലെത്തിയത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
രണ്ട് മണിക്കായിരുന്നു അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ അനന്യയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ഉദ്യോഗസ്ഥർ ലാപ്‌ടോപ്പും മൊബൈലും ഉൾപ്പെടെ പിടിച്ചെടുത്തു. വാട്‌സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അനന്യയുമായുളള ചോദ്യം ചെയ്യലിൽ എൻസിബി ലക്ഷ്യമിടുന്നത്. ആര്യനും ഒപ്പം പിടിയിലായവർക്കും എതിരായ ശക്തമായ തെളിവ് കൂടിയാകും ഇത്.
ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി റെയ്ഡ് നടത്തിയതും ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായതും. ആര്യൻ ഖാന് കേസിൽ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ആർതർ റോഡ് ജയിലിൽ കഴിയുന്ന മകനെ ഷാരൂഖ് ഇന്ന് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖിന്റെ വീട്ടിലെത്തി ചില രേഖകളും ശേഖരിച്ചിരുന്നു.
Comments