തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ എന്ന് അറിയില്ല. പക്ഷെ പത്തനംതിട്ടയും കോട്ടയവും ഉൾപ്പെടെയുളള ദുരിത ബാധിത മേഖലകളിൽ നേരിട്ട് പോയിട്ടാണ് താൻ സർക്കാർ നിഷ്‌ക്രിയമാണെന്ന് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
എല്ലായിടത്തും കാണാൻ കഴിഞ്ഞത് സർക്കാരിന്റെ നിസ്സഹായാവസ്ഥയാണ്. സേവാഭാരതിയും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാർ തിരിഞ്ഞുനോക്കാത്ത ക്യാമ്പുകളും വീടുകളും ഉണ്ട്. ആയിരക്കണക്കിന് വീടുകളിൽ വെളളവും ചെളിയും നിറഞ്ഞ് ഇപ്പോഴും കിടക്കുകയാണ്. സന്നദ്ധ സംഘടനാ പ്രവർത്തകരാണ് അവിടെ ശുചീകരണം നടത്തുന്നത്.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് പുതപ്പും ആഹാരവും വസ്ത്രവുമൊക്കെ എത്തിക്കുന്നതും സന്നദ്ധ സംഘടനാ പ്രവർത്തകരാണ്. ഒരു ആരോഗ്യ പ്രവർത്തകൻ പോലും തിരിഞ്ഞു നോക്കാത്ത ക്യാമ്പുകൾ ഉണ്ട്. പ്രായമായവർ കഴിയുന്ന ക്യാമ്പുകളിൽ പോലും കൊറോണ പരിശോധനയോ ഒന്നും നടത്തിയിട്ടില്ല.
പല സ്ഥലങ്ങളിലും എംഎൽഎമാർ ഉൾപ്പെടെയുളള ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രിമാർ വെറുതെ സന്ദർശനം നടത്തി തിരിച്ചുപോകുകയല്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചപ്പോൾ ആർക്കും പണം ചെലവഴിക്കാനുളള ഉത്തരവ് നൽകിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ദുരന്തമുഖത്ത് രാഷ്‌ട്രീയം പറയാൻ പാടില്ലെന്ന് ഞങ്ങൾക്കും അറിയാം. പക്ഷെ രാഷ്‌ട്രീയം കളിക്കരുത്.ദുരിതാശ്വാസ പ്രവർത്തനത്തിൽ ഒരു ഏകോപനവും ഇല്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മര്യാദയ്‌ക്ക് ഉപയോഗിക്കാനുളള ഗ്ലൗസ് പോലും ഉദ്യോഗസ്ഥരുടെ കൈവശമില്ല. ആദ്യ പ്രളയത്തിന് പിന്നാലെ കാശ് മുഴുവൻ പിരിച്ചെടുത്തിട്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നതെന്നും അതിനാണ് വിജയരാഘവൻ മറുപടി പറയേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Comments