കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെയും പോലീസിനെയും വിമർശിച്ച് ഹൈക്കോടതി. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിനെന്ത് കാര്യമെന്നും ദേവസ്വം ബോർഡിനെ മറികടന്ന് ശബരിമലയിലെ കാര്യങ്ങളിൽ ഇടപെടാൻ പോലീസിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇടപെടൽ
വെർച്വൽ ക്യൂ നടപ്പിലാക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങിയോയെന്നും കോടതി ചോദിച്ചു. മറ്റ് ക്ഷേത്രങ്ങളിലേത് പോലെ ശബരിമലയിലും ബോർഡ് തന്നെ കാര്യങ്ങൾ തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവെന്നും ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചിരുന്നുവെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ പരസ്യങ്ങൾ നൽകുന്നത് വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കടം വീട്ടാനാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. വെർച്വൽ ക്യൂവിനായി സ്വകാര്യ കമ്പനി ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഹർജിക്കാരൻ വാദിച്ചു. ദേവസ്വം ബോർഡിന്റെ പേരിലല്ല മറിച്ച് പോലീസിന്റെ കൈവശമാണ് വെബ്‌സൈറ്റ് എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
2011 മുതൽ വെർച്വൽ ക്യൂ നിലവിലുണ്ടെന്നും വെർച്വൽ ക്യൂവിന് അനുകൂലമായി ഡിവിഷൻ ബെഞ്ച് വിധിയുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് മുൻ ഉത്തരവ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments