കോതമംഗലം : മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടാനായി എത്തിയ വിദ്യാർത്ഥിനിയെ മതപഠനത്തോട് താൽപര്യമില്ലെന്ന് അറിയിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ അപമാനിച്ചതായി പരാതി. കോതമംഗലം വെങ്ങൂരാൻ വീട്ടിൽ വിഡി മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾക്കാണ് ദുരനുഭവം. കോതമംഗലം രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ അധികൃതരാണ് അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.
ജനറൽ വിഭാഗത്തിൽ 24ാം റാങ്കോടു കൂടി അഡ്മിഷനു യോഗ്യത നേടിയിരുന്നുവെന്നാണ് കുട്ടി ബാലാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 25ന് ആണ് കേസിന് ആസ്പദമായ സംഭവം.
അഡ്മിഷന് കുട്ടി വരേണ്ടതില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അമ്മ കുട്ടിയെ കൂടാതെ ഒറ്റക്കാണ് സ്‌കൂളിൽ എത്തിയത്. എന്നാൽ വിദ്യാർത്ഥിനിയെ കാണണമെന്ന് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചതു പ്രകാരം കുട്ടിയെ വിളിച്ചുകൊണ്ട് വരികയായിരുന്നു.
കുട്ടി സ്‌കൂളിൽ എത്തിയതിന് പിന്നാലെ സ്‌കൂളിലുണ്ടായിരുന്ന ജസീന എന്ന കന്യാസ്ത്രീ രൂക്ഷമായ ഭാഷയിൽ ശകാരിച്ചതായി മാതാവ് പരാതിയിൽ ആരോപിച്ചു. കൊറോണ കാലമായിരുന്നിട്ടു കൂടി മാസ്‌ക് നിർബന്ധിച്ച് അഴിപ്പിക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു.കന്യാസ്ത്രീയുടെ ശകാരത്തിൽ താൻ വിഷമിച്ചു കരഞ്ഞെങ്കിലും കന്യാസ്ത്രീ ശകാരവർഷം നിർത്തിയില്ലെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു.
അപേക്ഷയിൽ കുട്ടി റോമൻ കത്തോലിക്ക വിഭാഗക്കാരി ആണെന്ന് മനസ്സിലായതോടെ ഏത് പള്ളിയിലാണ് പോകുന്നതെന്നും സൺഡേ ക്ലാസുകളിൽ എവിടെയാണ് പോകുന്നതുമടക്കമുള്ള വിവരങ്ങൾ ചോദിച്ചു. എന്നാൽ, മതപഠനത്തിന് പോകാറില്ലെന്നും നാലാം ക്ലാസ് വരെ മാത്രമാണ് സൺഡേ സ്‌കൂളിൽ പോയതെന്നും കുട്ടി പറഞ്ഞു. എന്നാൽ മറുപടിയിൽ തൃപ്തരാകാത്ത അധികൃതർ ഇങ്ങനെയുള്ള കുട്ടിയെ പഠിപ്പിക്കുന്നതിന് വികാരിയച്ചന്റെ അനുമതി വേണമെന്ന് പറഞ്ഞു.താൻ വിശ്വാസപ്രമാണം പഠിപ്പിക്കാനല്ല കുട്ടിയുമായി എത്തിയതെന്നും സയൻസ് പഠിപ്പിക്കാനാണ് എത്തിയത് എന്ന് മറുപടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതായി മാതാവ് പറഞ്ഞു.
കുട്ടിയുടെ മാതാവിന്റെ മറുപടിയിൽ ക്ഷുഭിതയായ കന്യാസ്ത്രീ ‘നീ അധികം സംസാരിക്കുകയൊന്നും വേണ്ട. അധികം സംസാരിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല. നിന്നെ കണ്ടപ്പോഴേ മനസ്സിലായി നീ എങ്ങനെ ഉള്ളതാണെന്ന് എന്നിങ്ങനെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു എന്നാണ് ആരോപണം. കുട്ടിയെ ആദ്യം കൊണ്ടുവരാത്തപ്പോഴേ വശപ്പിശക് തോന്നി, നീ അമ്മ പറയുന്നത് ഒന്നും കേൾക്കണ്ടെന്നും പള്ളിയിലോ മറ്റോ പോകണമെങ്കിൽ സിസ്റ്ററോട് പറഞ്ഞാൽ മതിയെന്നും അവർ കുട്ടിയോടു പറഞ്ഞെന്നും മാതാവ് ആരോപിച്ചു.
സ്‌കൂൾ അധികൃതർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ ജോസിന്റെ സാന്നിദ്ധ്യത്തിൽ സിസ്റ്റർ ജസീനയാണ് രൂക്ഷമായ ഭാഷയിൽ തങ്ങളെ അപമാനിച്ചതെന്നാണ് ഇവർ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെഴുതിയ പരാതിയിൽ പറയുന്നത്.
















Comments