ധാക്ക : ബംഗ്ലാദേശിൽ ദുർഗാപൂജ പന്തൽ ആക്രമിച്ച സംഭവത്തിൽ 10 മതമൗലികവാദികൾ കൂടി അറസ്റ്റിൽ. ചിറ്റഗോംഗ് നഗരത്തിലെ ജെഎം സെൻ ഹാളിലെ പൂജാ പന്തലിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ വ്യാഴാഴ്ച രാത്രിയോടെയാണ് പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇത്തരത്തിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികളെ പിടികൂടിയത്. സംഭവ സ്ഥലത്തു നിന്നും പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ധാക്ക സർവ്വകലാശാല സെൻട്രൽ സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ ഉപാദ്ധ്യക്ഷൻ നുറുൽ ഹഖ് നുറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജെ എം സെൻ ഹാളിലെ ദുർഗാ പൂജ പന്തലിന് നേരെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം പന്തൽ അടിച്ച് തകർക്കുകയായിരുന്നു. തടയാൻ എത്തിയ വിശ്വാസികളെയും അക്രമികൾ മർദ്ദിച്ചിരുന്നു.
അതേസമയം ഹിന്ദുക്കൾക്കും, ക്ഷേത്രങ്ങൾക്കും നേരെയുണ്ടായ അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ദുർഗാ പൂജ പന്തലിലെ ദേവി വിഗ്രഹത്തിന്റെ കാൽ ചുവട്ടിൽ ഖുർആൻ വെച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ വ്യാപക അക്രമം അഴിച്ചുവിട്ടത്. വർഗ്ഗീയത സൃഷ്ടിക്കുന്നതിനായി ഖുർആൻ വിഗ്രഹത്തിന്റെ കാൽക്കീഴിൽവെച്ച ഇക്ബാൽ ഹുസെെനെയാണ് പിടികൂടിയത്.
Comments