ന്യൂഡൽഹി: ഇന്ത്യൻ യുദ്ധചരിത്രത്തിൽ വ്യോമസേന വഹിച്ച പങ്കിനെ പ്രശംസിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ കരസേനയ്‌ക്ക് ബലം നൽകിയത് വ്യോമസേനയുടെ സമയോചിതമായ ഇടപെടലായിരുന്നുവെന്ന് ഹർഷഷവർദ്ധൻ പറഞ്ഞു. സ്വർണ്ണിം വിജയ് വർഷ് കോൺക്ലേവ്-2021ൽ സംസാരിക്കുകയായിരുന്നു ഹർഷവർദ്ധൻ.
ഇന്ത്യൻ വ്യോമസേന 1971ലെ യുദ്ധത്തിൽ നടത്തിയത് അതിധീരമായ പോരാട്ടമായിരുന്നു. മുക്തിവാഹിനി എന്ന പേരിൽ അറിയപ്പെട്ട പോരാട്ടം യുദ്ധചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ദിമാപൂരിൽ ഒരു വ്യോമതാവളം അതിവേഗം തയ്യാറാക്കുന്നതിൽ വ്യോമസേന നടത്തിയ പരിശ്രമത്തേയും ഹർഷവർദ്ധൻ എടുത്തുപറഞ്ഞു.
ബംഗ്ലാദേശിന്റെ മോചനത്തിനായി ഇന്ത്യൻ വ്യോമസേന നടത്തിയ പോരാട്ടങ്ങളെ ഇന്നും ധാക്കയിലെ ജനങ്ങൾ ആരാധനയോടെയാണ് വിവരിക്കുന്നത്. പാകിസ്താനെതിരെ ആകാശത്ത് വ്യോമസേന നടത്തിയ ശക്തമായ പോരാട്ട ദൃശ്യങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ബംഗ്ലാദേശി പൗരന്മാരുണ്ടെന്നും ബംഗ്ലാദേശിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച അനുഭവം വിവരിച്ചുകൊണ്ട് ശൃംഗ്ല പറഞ്ഞു.
1971ലെ യുദ്ധം ഒരു രാഷ്‌ട്രീയ വിജയത്തിനൊപ്പം ധാർമ്മികവും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും വിളിച്ചറിയിച്ച യുദ്ധമായിരുന്നു. ബംഗ്ലാദേശിന്റെ അഖണ്ഡതയും അവരുടെ ജനതയുടെ ആത്മാഭിമാനവുമാണ് ഇന്ത്യ സംരക്ഷിച്ചത്. ഒപ്പം ആ ജനതയുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇന്ത്യ നിധിപോലെ കാത്തു.
ചരിത്രപരമായ ആ വിജയത്തിന് ബംഗബന്ധു ഷേഖ് മുജീബുർ റഹ്മാൻ 1971ൽ ഇന്ത്യക്ക് നന്ദി പറഞ്ഞത് ആകാശവാണിയിലൂടെയായിരുന്നു. അന്ന് ബംഗ്ലാദേശിന്റെ മോചനം പാകിസ്താനിൽ നിന്നും നേടിയ പ്രഖ്യാപനത്തിന് ശേഷം ജനങ്ങൽ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ജനങ്ങൾ ആഹ്ലാദം പങ്കിട്ട കാഴ്ച എല്ലാവരുടേയും ദേശാഭിമാനം വാനോളം ഉയർത്തിയെന്നും ശൃംഗ്ല കൂട്ടിച്ചേർത്തു.
















Comments