കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ വിദ്യാർത്ഥി നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോയ്‌ക്കെതിരെയാണ് ഇത്രയും കേസുകൾ നിലവിലുളളത്. ഇതിൽ 30 എണ്ണവും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ്. ഒട്ടുമിക്കതും അടിപിടി കേസുകളുമാണ്.
സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു നൽകിയ പരാതിയിൽ ആർഷോയുടെ പേരും ഉണ്ട്. എന്നാൽ ആർഷോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കൾ പ്രചരിപ്പിച്ച ന്യായീകരണം. അതേസമയം ഇത് തെറ്റാണെന്ന് തെളിയിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഘർഷത്തിനിടെ ആർഷോയെ പേര് ചൊല്ലി വിളിച്ച് നിമിഷ പ്രതികരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്രയും പേർ നിൽക്കുന്നതിനിടയിൽ ഒരാളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. നിങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഒന്നാണ് ആർഷോ എന്ന് നിമിഷ പറയുന്ന ദൃശ്യങ്ങൾ അടക്കമുളള വീഡിയോയാണ് പുറത്തുവന്നത്. തന്നെ ജാതിപ്പേര് വിളിച്ചുവെന്നും ബലാത്സംഗഭീഷണി മുഴക്കിയെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് പരാതിയിൽ നിമിഷ രാജു ഉന്നയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന് നേതൃത്വം കൊടുത്തത് ആർഷോ ആണെന്നാണ് എഐഎസ്എഫ് ആരോപണം. എന്നാൽ എഐഎസ്എഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു എസ്എഫ്‌ഐയുടെ ഔദ്യോഗിക പ്രതികരണം. സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനം ശക്തമാണ്. എതിരഭിപ്രായം പറയുന്നവരെ നിശബ്ദമാക്കാൻ എസ്എഫ്‌ഐ നടത്തുന്ന ശ്രമങ്ങളും ഗുണ്ടാ രാഷ്‌ട്രീയവും ഉൾപ്പെടെ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാവുകയും ചെയ്തു.
Comments