തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ വീട്ടു കരം വെട്ടിപ്പിനെതിരെ ശക്തമായ പരിപാടികളുമായി ബിജെപി കൗൺസിലേഴ്സ് മുന്നോട്ട്. നേമം പോലീസ് ആണ് അഴിമതിക്ക് കൂട്ടുനിന്നത്. പ്രതികളെ ഇരുട്ടിൽ തപ്പുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന പോലീസിനെതിരെയും ബിജെപി പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന് ബിജെപി തിരുവനന്തപുരം പ്രസിഡണ്ട് വി.വി രാജേഷ് അറിയിച്ചു.
നേമം പോലീസ് സ്റ്റേഷൻ ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും. രാത്രിയിൽ സ്റ്റേഷന് പുറത്ത് പ്രതിഷേധാഗ്നി സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതികളെ ഇരുട്ടിൽ തപ്പുന്ന പോലീസുദ്യോഗസ്ഥർക്ക് വെളിച്ചം കാണിക്കാനാണ് പ്രതിഷേധാഗ്നി സംഘടിപ്പിക്കുന്നതെന്നും വി.വി രാജേഷ് വ്യക്തമാക്കി.
പ്രതിഷേധ സമരം തുരടുമ്പോഴും കോർപ്പറേഷനിലെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്നാണ് ഭരണകക്ഷിയായ സിപിഎം പറയുന്നത്. അത് സിപിഎംന്റെ മഹത്വം കൊണ്ടല്ലെന്നും വി.വി രാജേഷ് തുറന്നടിച്ചു. സാധാരണക്കാർക്ക് വേണ്ടിയാണ് ബിജെപി കൗൺസിലർമാർ ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോർപ്പറേഷനിൽ എത്തുന്ന സാധാരണക്കാർക്ക് അവരുടെ കാര്യങ്ങളിൽ തടസ്സം വരാതെ നോക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടു മാത്രമാണ് കോർപ്പറേഷനിലെ ദൈനംദിന കാര്യങ്ങൾക്ക് തടസ്സമുണ്ടാകാതെ മുന്നോട്ട് പോകുന്നതെന്നും വി.വി രാജേഷ് വ്യക്തമാക്കി.
സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും.അഴിമതി നടന്നിട്ടുണ്ടെന്ന് കോർപ്പറേഷൻ തന്നെ സമ്മതിച്ചതാണ്. എല്ലാ മാദ്ധ്യമങ്ങളും അക്കാര്യം റിപ്പോർട്ട് ചെയ്തതാണ്. പിന്നെ എന്തുകൊണ്ട് പ്രതികളെ അറസ്റ്റു ചെയ്യാൻ കോർപ്പറേഷൻ സമ്മർദ്ദം ചെലുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രതികളെ സംരിക്ഷിക്കുന്ന നിലപാടിൽ നിന്നും ഭരണകക്ഷി പിന്നോട്ട് പോകണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.
Comments