ന്യൂഡൽഹി: നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആരോഗ്യ പരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉത്തർപ്രദേശിൽ പ്രധാൻമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത് യോജന(പിഎംഎഎസ്ബിവൈ) അവതരിപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തിങ്കളാഴ്ച സംസ്ഥാനത്തെത്തും.
പൊതുജനങ്ങളുടെ ആരോഗ്യ പരിപാലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആരോഗ്യപരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കും.
പ്രധാൻമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത് യോജനയിലൂടെ ഉത്തർപ്രദേശിൽ നാല് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൺ ഹെൽത്തും സ്ഥാപിക്കും. കൂടാതെ ഐടി അധിഷ്ടിത രോഗനിർണയ സംവിധാനവും വികസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിൽ എത്തുന്ന പ്രധാനമന്ത്രി ഒൻപത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യും. കൂടാതെ വാരണാസിയിൽ 5,200 കോടിയിൽ അധികം വിലവരുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കുമെന്ന് അധികൃതർ പറഞ്ഞു.
Comments