ശ്രീനഗർ : ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാനില മെച്ചപ്പെടുന്ന സമയത്താണ് കശ്മീരിൽ നദിമാർഗ് കൂട്ടക്കൊല നടക്കുന്നത് . കശ്മീർ വിട്ടു പോകാൻ തയ്യാറാകാതിരുന്ന പണ്ഡിറ്റുകളെയാണ് അന്ന് ഭീകരർ നിഷ്കരുണം കൊലപ്പെടുത്തിയത് . അതിന്റെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരൻ, കൊടും ഭീകരൻ സിയാ മുസ്തഫയാണ് ഇന്ന് ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് .
കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സിയ മുസ്തഫയെ സൈന്യം പിടികൂടിയത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്‌ക്ക് എത്തിച്ചത്. ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് സിയാ മുസ്തഫ കൊല്ലപ്പെട്ടത് .
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2003 ൽ സിയാ മുസ്തഫയെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ ജില്ലയിലെ നദിമാർഗ് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സമയത്ത് ലഷ്കർ ഇ ത്വയ്ബയുടെ പ്രധാന ഏജന്റായിരുന്നു സിയാ മുസ്തഫ .
കശ്മീരികളെ കൂട്ടക്കൊല നടത്താൻ പാകിസ്താനിലെ ലഷ്‌കർ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി മുസ്തഫ അന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
1990 -ൽ കശ്മീരികൾ പണ്ഡിറ്റുകൾ പലായനം ചെയ്യുന്ന സമയത്ത് നദിമാർഗിലെ മിക്ക പണ്ഡിറ്റുകളും സ്വന്തം വീട് വിട്ട് പോയിരുന്നു . എങ്കിലും 50 പേർ അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ മാർച്ച് 23 ന്, സൈനിക വേഷം ധരിച്ചെത്തിയ ഭീകരർ 11 പുരുഷന്മാരെയും 11 സ്ത്രീകളെയും രണ്ട് കുട്ടികളെയും വീടിന് പുറത്ത് നിരത്തി നിർത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് താഴ്വരയിൽ നിന്ന് അവശേഷിച്ചിരുന്ന പണ്ഡിറ്റുകളും പലായനം ചെയ്തത് .
















Comments