ന്യൂഡൽഹി: ഉത്തർപ്രദേശിൽ തരംഗം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വാക്‌സിനേഷനിൽ 100 കോടിയും കടന്നുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഉത്തർപ്രദേശിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്. ആരോഗ്യരംഗത്ത് സമഗ്രമായ ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്‌ക്കും ഇന്ന് തുടക്കമാകും.
ഉത്തർപ്രദേശിൽ സമഗ്രമായ ആരോഗ്യരക്ഷാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമി ടുന്നത്. സിദ്ധാർത്ഥനഗറിലെ ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഒൻപത് മെഡിക്കൽ കോളേജുകൾ ഇന്ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം സംസ്ഥാനത്ത് ആരംഭിക്കുന്ന 5200 കോടിയുടെ വിവിധ പദ്ധതികൾക്കും തുടക്കം കുറിയ്‌ക്കും.
ദേശീയ ആരോഗ്യ മിഷന് പുറമേ ഇന്ത്യയിൽ എവിടേയും ചികിത്സാ സഹായം കിട്ടുന്ന വിപുലമായ ആരോഗ്യ രക്ഷാ പദ്ധതിയ്‌ക്കാണ് ആത്മനിർഭർ സ്വസ്ഥ ഭാരത് യോജനയിലൂടെ നടപ്പാവുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമർപ്പിക്കുന്നത്. ഇതുവഴി 17,188 ഗ്രാമീണ മേഖലയിലെ ആശുപത്രികളും നഗരമേഖലയിലെ 11,024 കേന്ദ്രങ്ങളും നിർമ്മിക്കും.
ഇതിന് കീഴിൽ രാജ്യത്തെ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഘട്ടംഘട്ടമായി നടപ്പാവുക. നാല് അത്യാധുനിക വൈറോളജി ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയുടെ തെക്കു-കിഴക്കൻ ഏഷ്യയുടെ ഗവേഷണ കേന്ദ്രവും, 9 ബയോസുരക്ഷാ ലാബുകളും, 5 റീജണൽ സെന്ററുകളും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും സ്വസ്ഥ് ഭാരത് മിഷന്റെ ചുമതലവഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
















Comments