കൊച്ചി : ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്ക വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റികൾ നൽകിയ വിവിധ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.
പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കണ്ട് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഹൈക്കോടതി നിലപാട്. ഈ മാസം അഞ്ചിന് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നും കോടതി പറഞ്ഞിരുന്നു. ബലപ്രയോഗത്തിലൂടെ വിധി നടപ്പിലാക്കുന്നത് അനിഷ്ട സംഭവങ്ങൾക്ക് കാരണമാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.
1934 ലെ ഭരണഘടന വിശ്വാസികൾ അംഗീകരിക്കണമെന്നും ഇക്കാര്യത്തിൽ നിയമ പരമായ വ്യവഹാരങ്ങൾ അവസാനിച്ചതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാലാണ് വിധി നടപ്പിലാക്കാൻ വൈകുന്നതെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
Comments