തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെ രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ശാന്തിയുടെ നേതൃത്വത്തിൽ നേമം സോണിൽ നിന്നും 27 ലക്ഷം രൂപയാണ് തട്ടിയത്. സംഭവത്തിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് ശാന്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് രാവിലെ നേമം പോലീസിൽ കീഴടങ്ങുകയായിരുന്നു.
2020 ജനുവരി മുതൽ 2021 ജൂലൈവരെയുള്ള കാലയളവിലാണ് ശാന്തി നികുതി വെട്ടിച്ചത്. വീട്ടുകരമായി ലഭിച്ച തുക ബാങ്കിൽ അടയ്‌ക്കാതെ അത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് കോർപ്പറേഷൻ കണ്ടെത്തിയതിനെ തുടർന്ന് ശാന്തിയുൾപ്പെടെ ഏഴ് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ ഇതുവരെ താഴെക്കിടയിലുള്ള ജീവനക്കാരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യപ്രതി ശാന്തിയാണെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസക്കാലമായി ബിജെപി പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ മാസം കൗൺസിലർമാർ ആരംഭിച്ച രാപ്പകൾ സമരം കഴിഞ്ഞ ആഴ്ച നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. ഇത് കൂടാതെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി ബിജെപി തെരുവുകളിലും ഇറങ്ങി. ഇതിൽ സമ്മർദ്ദത്തിലായതോടെയാണ് പോലീസ് ശാന്തിയെ അറസ്റ്റ് ചെയ്തത്. ബി ജെ പി സമരത്തിന്റെ വിജയമാണ് അറസ്റ്റിലെത്തിച്ചതെന്ന് തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് പ്രതികരിച്ചു.
Comments