ജയ്പൂർ: ടി 20 ലോകകപ്പ് ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് അധ്യാപികയുടെ സേവനം സ്‌കൂൾ അവസാനിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ നീർജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരിയുടെ സേവനമാണ് അവസാനിപ്പിച്ചത്.
പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച അധ്യാപികയുടെ വാട്ട്സ്ആപ്പ് പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകാൻ തുടങ്ങി. പോസ്റ്റിൽ, ”ജീത് ഗയേ, ഞങ്ങൾ വിജയിച്ചു” എന്ന വാചകത്തോടുകൂടിയ പാകിസ്താൻ കളിക്കാരുടെ ചിത്രം അതാരി പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരിൽ നഫീസയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
പാകിസ്താനെ പരസ്യമായി പിന്തുണയ്‌ക്കുന്നുണ്ടെങ്കിൽ ഇവരുടെ ക്ലാസിൽ എന്താണ് പഠിപ്പിക്കുകയെന്ന് ജനങ്ങൾ ചോദ്യം ചെയ്തു രംഗത്തെത്തി. സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നീർജ മോദി സ്‌കൂൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിടാനുള്ള കാരണം നോട്ടീസിൽ പരാമർശിച്ചിട്ടില്ല. പിരിച്ചുവിട്ട കാര്യം സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് നഫീസ അതാരിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
അതിനിടെ തന്റെ ഭാഗം ന്യായീകരിച്ച് നഫീസ രംഗത്തെത്തി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി വിഭജിക്കപ്പെട്ടു. ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്ന് നഫീസ പറഞ്ഞു. തന്റെ ടീം പാകിസ്താനെ പിന്തുണച്ചു. മത്സരശേഷം വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. ”എന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന മാതാപിതാക്കളിൽ ഒരാൾ ഞാൻ പാകിസ്താനെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. സന്ദേശത്തിന്റെ അവസാനം ഒരു ഇമോജി ഉണ്ടായിരുന്നതിനാൽ ഇതൊരു തമാശയാണെന്ന് ഞാൻ കരുതി.
പ്രത്യേക രക്ഷിതാവ് അയച്ച സന്ദേശത്തിൽ അവസാനം ഒരു ഫേസ്പാം ഇമോജി ഉണ്ടായിരുന്നു. താനൊരു രാജ്യസ്‌നേഹിയാണെന്നും പാക്കിസ്താനെ ഒരിക്കലും പിന്തുണയ്‌ക്കാൻ കഴിയില്ലെന്നും നഫീസ അവകാശപ്പെട്ടു.
















Comments