അബുജ : നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീകരർ വെടിവെച്ചു കൊന്നു. 18 പേരാണ് കൊല്ലപ്പെട്ടത്.
മഷേഗു സർക്കാരിന് അധീനതയിലുള്ള മസകുക ഗ്രാമത്തിലെ മസ്ജിദിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. പ്രാർത്ഥനയ്‌ക്കിടെ മസ്ജിദിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന ഭീകരർ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചിലർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചിലർ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
വംശവെറിയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. അക്രമിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മസ്ജിദിലേയും പ്രദേശങ്ങളിലെയും സിസി ടിവി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. കഴിഞ്ഞ ആഴ്ച നൈജീരിയയിലെ സോക്കോട്ടോ ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തിൽ 43 പേരാണ് കൊല്ലപ്പെട്ടത്.
















Comments