പഞ്ചാബ്: പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലം ഐഎസ്‌ഐ ഏജന്റാണെന്ന ആരോപണത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ എതിർവാദത്തിൽ മറുപടിയില്ലാതെ കോൺഗ്രസ്. കോൺഗ്രസിന്റെ നിരവധി നേതാക്കൾക്കൊപ്പമുള്ള അറൂസ ആലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അമരീന്ദർ സിംഗ് ആരോപണമുന്നയിച്ചിരിക്കുന്നത്.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ക്യാപ്റ്റൻ പങ്കുവെച്ചതിൽ ഏറെ നിർണ്ണായകം.മറ്റു രാഷ്‌ട്രീയ പാർട്ടിയിലെ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കെല്ലാം ഐഎസ്‌ഐ ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ടോ എന്നും ക്യാപ്റ്റൻ ചോദിച്ചു. നിരവധി രാഷ്‌ട്രീയക്കാരുടെയും ബോളിവുഡ് താരങ്ങളുടെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അറൂസയ്‌ക്കൊപ്പമുള്ള 14 പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. മുൻ എസ്പി നേതാവ് അമർ സിംഗ്, മുൻ ധനമന്ത്രി യശ്വന്ത് സിൻഹ, മുൻ നിയമമന്ത്രി അശ്വിനി കുമാർ, നടൻ ശത്രുഘ്നൻ സിൻഹ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ബോളിവുഡ് താരം ദിലീപ് കുമാർ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ട്, മുൻ ഇന്ത്യൻ കമാൻഡർ ജനറൽ അറോറ, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജെഎൻ ദീക്ഷിത്, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശിവ് ശങ്കർ മേനോൻ, മുൻ പഞ്ചാബ് ഗവർണർ ജനറൽ റോഡ്രിഗസ് എന്നീ പ്രമുഖരോടൊപ്പമുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലമിന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അമരീന്ദർ സിംഗിന് അറൂസ ആലവുമായി അടുത്തബന്ധമുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും പഞ്ചാബ് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 16 വർഷമായി കേന്ദ്രത്തിന്റെ അനുമതിയോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആലം. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിലെ മുതിർന്ന നേതാക്കളുമായി ആലം ബന്ധം പുലർത്തിയിരുന്നു. ഇവരെല്ലാം ഐഎസ്ഐയുമായി ഒത്തുകളിച്ചെന്നാണോ കോൺഗ്രസ് പറയുന്നതെന്നും അമരീന്ദർ സിംഗ് ചോദിച്ചു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്തിലെ ചിലരുടെ ലക്ഷ്യമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് അറൂസ ആലത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായും അടുപ്പമുണ്ടെന്ന ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടത്.പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് അമരീന്ദറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
Comments