തുലാം പത്ത് പിറന്നതോടെ ഭക്തിയും കലയും സംസ്‌കാരവും സമന്വയിക്കുന്ന വിസ്മയ കാഴ്ചകളുമായി ഉത്തര മലബാറിന്റെ മറ്റൊരു തെയ്യകാലം ആരംഭിക്കുകയാണ്. തെയ്യം കേവലമൊരു കലാരൂപമല്ല. മറിച്ച ഉത്തരമലബാറിന്റെ ജനജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്.
കലണ്ടറിലെ തീയതികൾ മാറുന്നതുനോക്കി പൂരക്കാലം വരുന്നത് കാത്തിരിക്കുന്ന തൃശ്ശൂർക്കാരെ പോലെയാണ് ഉത്തരമലബാറുകാർക്ക് തെയ്യക്കാലം.തുലാം പത്തിന് തുടങ്ങി ഇടവപ്പാതി വരെ നീണ്ടു നിൽക്കുന്ന തെയ്യാട്ടക്കാലങ്ങളിൽ ലോകത്തിന്റെ ഏതൊരു കോണിലായാലും വടക്കേ മലബാറുകാരുടെ കാതുകളിൽ മുഴങ്ങുന്നത് തോറ്റം പാട്ടിന്റെയും കാൽചിലമ്പിന്റെയും താളമായിരിക്കും.മനുഷ്യൻ ദൈവമാകുന്ന ദിനങ്ങൾ.
കണ്ണൂർ കാസർഗോഡ്, ജില്ലകളിലായി തുലാം പത്തു മുതൽ ഇടവപ്പാതി വരെ നീണ്ടുനിൽക്കുന്ന തെയ്യക്കാലത്ത് നൂറിൽപരം കാവുകളിൽ തെയ്യങ്ങൾ നിറഞ്ഞാടുന്നു. ശൈശവ,ശാക്തേയ വൈഷ്ണവ ദേവതാസങ്കൽപ്പങ്ങളിലായി അഞ്ഞൂറിൽപ്പരം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നത്. നൃത്തം,സംഗീതം, വാദ്യം, നാട്യം,ചിത്രകല,സാഹിത്യം, എന്നിവയുടെ സമഞ്ജ സമ്മേളനമാണ് തെയ്യാട്ടത്തിൽ നടക്കുന്നത്..
തെയ്യം കുറിക്കൽ മുതൽ തിരുമുടി അഴിക്കൽ വരെ നിരവധി അനുഷ്ഠാനങ്ങളിലുടെയാണ് തെയ്യം പൂർണതയിലെത്തുന്നത്. കെട്ടിയാടപ്പെടുന്ന തെയ്യത്തിന്റെ പുരാവൃത്തം വിവരിക്കുന്ന തോറ്റം തെയ്യങ്ങളുടെ പ്രധാനഭാഗമാണ്.തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയും വെച്ച പൂർണ്ണ രൂപത്തിലുള്ള തെയ്യത്തിന്റെ പുറപ്പാട്..
തെയ്യം കെട്ടിയാടുന്ന ആളിനെ കോലധാരി അഥവാ കനലാടികൾ എന്നു വിളിക്കും.കോലധാരി കഠിനവ്രതം ഉൾപ്പെടെയുള്ള ചിട്ടകൾക്കനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നു.വർഷങ്ങളുടെ കഠിന പരിശീലനവും സമർപ്പണവുമാണ് ഓരോ തെയ്യക്കാരനും ജന്മമേകുന്നത്. പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവിനെയും ഒരുപോലെ ശുദ്ധമാക്കിയാണ് തെയ്യക്കോലങ്ങളണിയുന്നത്. പ്രത്യേക സമുദായത്തിൽപ്പെട്ടവരാണ് ഓരോ തെയ്യങ്ങളും കെട്ടിയാടുന്നത്. നൂറ്റാണ്ടുകളായി ഈ വ്യവസ്ഥ ഇവർ പാലിച്ചു പോരുന്നു. വണ്ണാൻ, മലയൻ,അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ,പുലയ,വേലൻ,കോപ്പാളൻ,മാവിലൻ,ചിങ്കതാൻ തുടങ്ങീ പതിനഞ്ചോളം സമുദായങ്ങൾക്ക് വിവിധ തെയ്യങ്ങൾ കെട്ടിയാടാനുള്ള അവകാശമുണ്ട്.
തെയ്യാട്ടസ്ഥാനങ്ങളെ പൊതുവേ കാവ്, മുണ്ട്യാ കോട്ടങ്ങൾ,കൂലോം,മടപ്പുര, എന്നിങ്ങനെയാണ് മുടി, മുഖത്തെഴുത്ത്, മെയ്യെഴുത്ത്, അണിയില്ലങ്ങൾ എന്നിവയാണ് തെയ്യത്തിന്റെ ആഹാര്യ ഘടകങ്ങൾ. മുഖത്തെഴുത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രാക്കെഴുത്ത്, വൈരിദളം, മാൻ കണ്ണെഴുത്ത്, തുടങ്ങി പതിമൂന്നോളം തരത്തിലുള്ള മുഖത്തെഴുത്ത് തെയ്യങ്ങൾക്ക് ഉപയോഗിക്കുന്നു. അരിചാന്ത്, മഞ്ഞൾ,മനയോല, ചായില്യം,കരി,തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു. സാമൂഹ്യമായ വിഭാഗീയതകൾക്കപ്പുറമാണ് തെയ്യത്തിന്റെ ഇടപെടലുകൾ എന്നതിന്റെ തെളിവാണ് ചില കാവുകളിൽ കെട്ടിയാടപ്പെടുന്ന മാപ്പിള തെയ്യങ്ങൾ. വടക്കേമലബാറിലെ ചില കാവുകളിൽ മുതലതെയ്യം,പോലീസ് തെയ്യം, തുടങ്ങീ വിവിധ തെയ്യങ്ങൾ കെട്ടിയാടുന്നു.
എരിഞ്ഞുകൊണ്ടിരിക്കുന്ന ചൂടുകറ്റകളുടെയും മേലേരിയുടേയുമെല്ലാം മഞ്ഞൾഗന്ധംപേറുന്ന തണുത്ത കാറ്റുള്ള രാത്രികാലങ്ങളിലാണ് തെയ്യത്തിന്റെ സൗന്ദര്യം കൂടുന്നത്. പുളിവിറക് കത്തിച്ച് കനലുണ്ടാക്കി അതിലാടുന്ന കണ്ടനാർ കേളനും തീച്ചാമുണ്ടിയുമെല്ലാം ഉൾപ്പെടുന്ന തെയ്യങ്ങളുടെ വന്യസൗന്ദര്യവും തെച്ചിപ്പൂവിന്റെ മുടി ചൂടിയെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യത്തിന്റെ ഭംഗിയും കാഴ്ചക്കാരുടെ മനം കവരുന്നു…..ദൈവീകചൈതന്യം പേറുന്ന തെയ്യങ്ങൾക്ക് മുമ്പിൽ സങ്കടങ്ങളും ആവലാതികളും കേൾപ്പിക്കുവാനും പരിഹാരങ്ങളും ആശ്വാസവും കണ്ടെത്തുവാനും ഭക്തർ കൂപ്പുകൈകളോടെ എത്തുന്നു….















Comments