മുംബൈ: എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മതമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയവും വിവാദവും. ആദ്യ ഭാര്യയോടൊപ്പം നിക്കാഹ് നടന്നതായി കാണിക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കായിരുന്നു വാവാദമായ വിവാഹ-ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Photo of a Sweet Couple
Sameer Dawood Wankhede and Dr. Shabana Qureshi pic.twitter.com/kcWAHgagQy— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 27, 2021
ആഡംബര കപ്പലിലെ ലഹരി പാർട്ടി പിടികൂടിയതോടെ വാർത്തകളിൽ തരംഗമായ എൻസിബി അന്വേഷണ ഉദ്യോഗസ്ഥനാണ് സമീർ. ഷാരൂഖിന്റെ മകൻ ആര്യൻ കേസിൽ ഉൾപ്പെട്ടതും സമീറിന്റെ കേസന്വേഷണവും വലിയ ചർച്ചയായിരുന്നു. സമീറിന്റെ അന്വേഷണ മികവ് കൂടുതൽ ചർച്ചയാകുന്നതിന് ഇടയ്‌ക്കാണ് ഇസ്ലാമിക ചടങ്ങുകൾ പ്രകാരം സമീർ വിവാഹിതനായ ഫോട്ടോ പുറത്തുവരുന്നത്. സമീർ മുസ്ലീമാണെന്നും ഐആർഎസ് ജോലി ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് കാണിച്ചെന്നുമായിരുന്നു ആരോപണം.
2016ൽ നടന്ന വിവാഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് തന്നെയാണ് മതപരമായ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ താൻ മുസ്ലീമല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സമീർ വാങ്കഡെ. താനൊരിക്കലും മതം മാറുകയോ മുസ്ലീമാകുകയോ ചെയ്തിട്ടില്ല, തന്റെ അമ്മയുടെ ആഗ്രഹപ്രകാരം ഇസ്ലാമിക രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുക മാത്രമാണ് ചെയ്തത്. മതേതര രാജ്യത്ത് ഒരമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത് ഒരിക്കലും തെറ്റായി താൻ കരുതുന്നില്ല. മതേതരത്വമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൽ തനിക്ക് അഭിമാനമുണ്ട്. ഇസ്ലാമായ അമ്മയുടെയും ഹിന്ദുവായ അച്ഛന്റെയും മകനാണ് താനെന്നും ആരോപണങ്ങൾക്ക് സമീർ വാങ്കഡെ മറുപടി നൽകി.
ഇതിനിടെ താനൊരു ദളിതനാണെന്ന് വ്യക്തമാക്കി സമീറിന്റെ പിതാവ് ധ്യാൻദേവ് വാങ്കഡെയും രംഗത്തെത്തിയിരുന്നു. ‘ ദളിതനാണ് ഞാൻ.. എന്റെ പൂർവീകരെല്ലാം ഹിന്ദുക്കളാണ്.. പിന്നെ എപ്രകാരമാണ് എന്റെ മകൻ മുസ്ലീമാകുന്നത്..? നവാബ് മാലിക് ഇത് മനസിലാക്കണം’ ധ്യാൻദേവ് വാങ്കഡെ പ്രതികരിച്ചു.
















Comments