മുംബൈ : നീതി തേടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമീപിച്ച് ക്രാന്ത്രി വാങ്കഡെ. തന്റെ ഭർത്താവും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനുമായ സമീർ വാങ്കഡെയ്‌ക്കുവേണ്ടിയാണ് ക്രാന്തി രംഗത്തെത്തിയത്.ഭർത്താവിന് നീതിതേടി അവർ ഉദ്ധവ് താക്കറെയ്‌ക്ക് കത്തെഴുതി. മുഖ്യമന്ത്രിയായുള്ള കൂടിക്കാഴ്ചയ്‌ക്കും അവർ അപേക്ഷ നൽകിയിട്ടുണ്ട്.
കുടുംബം മുഴുവൻ അപമാനം നേരിടുകയാണെന്നാണ് അവർ മുഖ്യമന്ത്രിക്കയച്ച കത്തിലുടനീളം പരാമർശിക്കുന്നുണ്ട്. തങ്ങൾ ഓരോ ദിവസവും ആളുകൾക്ക് മുൻപിൽ അപമാനിക്കപ്പെടുകയാണ്. ശിവാജി മഹാരാജിന്റെ സംസ്ഥാനത്ത് ഒരു സ്ത്രീയുടെ മാനം കളിയാക്കപ്പെടുന്നു.ബാലാസാഹിബ് ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുമായിരുന്നില്ല എന്ന് ക്രാന്തി കുറിച്ചു.
ബാലാസാഹിബ് ഇന്ന് ഇവിടെയില്ല. നിങ്ങളാണ് പകരം ഇവിടെയുള്ളത്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.നിങ്ങൾ എന്റെ കുടുംബത്തോട് മറ്റുള്ളവർ അനീതി കാണിക്കുന്നത് അനുവദിക്കില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ക്രാന്തി കത്തിൽ വ്യക്തമാക്കി.നീതിക്കായി അഭ്യർത്ഥിക്കുന്നുവെന്നും സഹായിക്കണമെന്നും അവർ കുറിച്ചു.
കഴിഞ്ഞ ദിവസം സമീർ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി ക്രാന്തി രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ഹിന്ദുവാണെന്ന് രേഖകൾ ഉയർത്തിക്കാണിച്ച് ക്രാന്തി വാങ്കഡെ പറഞ്ഞു. സമീർ വാങ്കഡെക്കെതിരായ കൈക്കൂലി ആരോപണത്തിൽ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നിക്കാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.
















Comments