ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.50 ആയി നിലനിർത്തണമെന്ന് സുപ്രീംകോടതി. ജലനിരപ്പ് 139 അടിയ്‌ക്ക് താഴെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അടുത്ത മാസം 11 വരെ ജലനിരപ്പ് 139.50 ആയി നിലനിർത്തണമെന്നാണ് കോടതി നിർദ്ദേശം.
തമിഴ്‌നാട് സർക്കാർ നൽകിയ റൂൾ കേർവ് മേൽനോട്ട സമിതി അംഗീകരിച്ച പശ്ചാത്തലത്തിലായിരുന്നു കോടതി ഉത്തരവ്. നവംബർ 11 ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ റൂൾ കേർവിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. തമിഴ്‌നാട് സർക്കാരിന്റെ റൂൾകേർവ് അംഗീകരിക്കാൻ ആകില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ കേസ് പരിഗണിക്കുമ്പോൾ തമിഴ്‌നാട് സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജലകമ്മീഷൻ റൂൾ കേർവ് തയ്യാറാക്കിയിരിക്കുന്നതെന്ന് കേരളം കോടതിയെ അറിയിച്ചു. ഇത് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും അതിനാൽ റൂൾ കേർവിൽ വിശദമായ വാദം കേൾക്കണമെന്നും കോടതിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് റൂൾ കേർവിൽ വിശദമായ വാദം കേൾക്കാൻ കോടതി തയ്യാറായത്.
മഴ ശക്തമാണെങ്കിൽ മണിക്കൂറുകൾ ഇടവിട്ട് അണക്കെട്ടിലെ ജലനിരപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കോടതി ഇരു സംസ്ഥാനങ്ങൾക്കും മേൽനോട്ട സമിതിയ്‌ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Comments