ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനും ചാരസംഘടനയായ ഐഎസ്ഐയും. ടി ട്വന്റിയിലെ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇന്ത്യൻ താരത്തിനെതിരെ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിച്ചത്. ഇന്ത്യൻ പേസ് ബൗളർക്കെതിരായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ആദ്യ ട്വീറ്റുകൾ പാകിസ്താനിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിന്നെന്ന് സ്ഥിതീകരിച്ചു.
മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ ആക്രമണം നടത്തുന്നവർ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതും വംശീയ വിഷം ചീറ്റുന്ന കമന്റുകളും പോസ്റ്റുകളുമായെത്തുന്നവരുടെ അജണ്ടയിലുണ്ട്. എന്നാൽ സഹതാരങ്ങളും ക്രിക്കറ്റ് ആരാധകരും മുഹമ്മദ് ഷമിയ്‌ക്ക് പൂർണ പിന്തുണയുമായി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.
ടീം ഇന്ത്യയിൽ മികച്ച റെക്കോഡുള്ള ബൗളറെന്ന നിലയിൽ മുഹമ്മദ് ഷമിയെ മതംനോക്കി ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള തന്ത്രമാണ് പാകിസ്താൻ നടത്തിയത്. ഇന്ത്യയിൽ സമൂഹമാദ്ധ്യമങ്ങളിലെ പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ശ്രമിച്ചതും അത്തരം സംഘമാണ്. ഷമിയെ ഇതുവരെ ഒരു കാര്യത്തിലും പരാമർശിക്കാത്ത പല ട്വിറ്റർ അക്കൗണ്ടുകളിലൂടെയുമാണ് വിവാദം ആളിക്കത്തിക്കുന്നത്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയേയും രാഹുലിനേയും സൂര്യകുമാർ യാദവിനേയും ചീത്തവിളിച്ച പോസ്റ്റുകൾക്കൊപ്പം തന്നെ ഷമി പാകിസ്താനൊപ്പം എന്ന ദുരുദ്ദേശ്യപരമായ വാചകങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത് ഐ.എസ്.ഐയാണ്.
പാകിസ്താൻ ആഭ്യന്തര മന്ത്രി ഷേഖ് റഷീദും ഇമ്രാൻഖാനും വഖാർ യൂനിസുമടക്കം വിഷയത്തിൽ മതപരമായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യ-പാക് മത്സരത്തിന് രാഷ്‌ട്രീയ മതമൗലികവാദ നിറം നൽകുന്നതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ഷമിയെ വളഞ്ഞിട്ടാക്രമിക്കുതെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഇന്ത്യൻ സീനിയർ താരങ്ങളായ സച്ചിനും വിവിഎസ് ലക്ഷ്മണും,ഹർഭജൻ സിംഗുമടക്കം ഷമിക്ക് ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഇന്ത്യ 3 ദശകത്തിനിടെ ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് പാകിസ്താനെതിരെ തോൽക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച 10 വിക്കറ്റിന്റെ ശക്തമായ ജയം നേടിയതോടെ ഒരു യുദ്ധം ജയിച്ച സന്തോഷമാണ് പാകിസ്താൻ ആരാധകരും രാഷ്‌ട്രീയ നേതൃത്വവും പ്രകടിപ്പിച്ചത്. ഇതിന്റെ ആഹ്ലാദത്തേക്കാൾ ഇന്ത്യയെ രാഷ്‌ട്രീയമായി ആക്രമിക്കാനും മതവെറി വളർത്താനുമുള്ള സംഘടിത ശ്രമമാണ് പാകിസ്താൻ നടത്തുന്നതെന്നാണ് യാഥാർത്ഥ്യം.















Comments