തിരുവനന്തപുരം : ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 128 കേസുകളാണ് പിൻവലിച്ചത്. സർക്കാർ ആനുകൂല്യത്തിൽ നിയമനടപടിയിൽ നിന്ന് രക്ഷപെട്ടതിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്.
നിയമസഭയിൽ വടകര എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. എംൽഎമാർക്കെതിരായ 94 കേസുകളും, മന്ത്രിമാർക്കെതിരായ 12 കേസുകളുമാണ് പിൻവലിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു. 2007 മുതലുള്ള കേസുകളിലാണ് നടപടി സ്വീകരിച്ചത്.
പിൻവലിച്ചവയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയ്‌ക്കെതിരായ 13 കേസുകളാണ് ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതിയായ ഏഴ് കേസുകളും പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ആറ് കേസുകളും പിൻവലിച്ചവയിൽ ഉൾപ്പെടുന്നു.
അഞ്ച് വർഷത്തിനിടെ രാഷ്‌ട്രീയ പ്രവർത്തകർ പ്രതികളായ 930 കേസുകളാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്. ഇതിൽ 848 എണ്ണം ഇടത് മുന്നണി പ്രവർത്തകർ പ്രതികളായ കേസുകളാണ്. അതേസമയം കേസ് പിൻവലിക്കുന്നതിൽ ഇടത് പ്രവർത്തകർക്ക് സർക്കാർ നൽകിയ ആനുകൂല്യം യുഡിഎഫിനോ, ബിജെപിയ്‌ക്കോ ഇല്ല. യുഡിഎഫ് പ്രവർത്തകർ പ്രതികളായ 55 കേസുകൾ പിൻവലിച്ചപ്പോൾ ബിജെപി പ്രവർത്തകർ പ്രതികളായ 15 കേസുകൾ മാത്രമാണ് സർക്കാർ റദ്ദാക്കാൻ തയ്യാറായത്.
അടുത്തിടെ ഇടത് എംഎൽഎമാരും, മന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെട്ട നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് സർക്കാർ കേസ് പിൻവലിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരുന്നത്.
















Comments