വാഷിംഗ്ടൺ: ആഗോള ഭീകരതയ്‌ക്കെതിരെ അതിശക്തമായ സംയുക്ത നീക്കത്തി നൊരുങ്ങി ഇന്ത്യയും അമേരിക്കയും. ഇന്ത്യ-അമേരിക്ക ഭീകരവിരുദ്ധ സംയുക്ത ഉന്നത തല സമിതി വാഷിംഗ്ടണിൽ ചേർന്ന സുപ്രധാനയോഗത്തിലാണ് തീരുമാനം
ജി20 ഉച്ചകോടിക്കായി റോമിൽ എല്ലാ ലോകരാഷ്‌ട്രങ്ങളുടേയും തലവന്മാർ ഒത്തുചേരാനിരിക്കേ നടന്ന യോഗം ഏറെ നിർണ്ണായകമാണ്. നാലാം തവണയാണ് ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ നീക്കങ്ങൾക്കായി ഒരുമിച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഭീകരവിരുദ്ധ വിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീർ സിംഗ്വി, അമേരിക്കയുടെ അതേ വിഭാഗത്തിന്റെ ആക്ടിംഗ് കോർഡിനേറ്റർ ജോൺ.ടി.ഗോഡ്ഫ്രേ എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്.
അമേരിക്കയുടേയും ഇന്ത്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും രഹസ്യാന്വഷണ വിഭാഗം തലവന്മാരും ഭീകരവിരുദ്ധ സേനകളുടെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. ആഗോള ഭീകരവിരുദ്ധ നിയമം കർശനമായി പാലിക്കുക എന്നതാണ് യോഗത്തിൽ അടിസ്ഥാന വിഷയമായി ചർച്ച ചെയ്തത്. വിവരങ്ങൾ അതിവേഗം കൈമാറൽ, നിലവിൽ ഫലപ്രദമായി ഇരുരാജ്യങ്ങളും ഉപയോഗിക്കുന്ന കുറ്റാന്വേഷണ രഹസ്യാന്വേഷണ തന്ത്രങ്ങൾ എന്നിവ കൈമാറാനും ധാരണയായി.
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരേയും പിടികൂടപ്പെട്ടവരേയും എത്രയും പെട്ടന്ന് ശിക്ഷിക്കാനും അനുബന്ധ അന്വേഷണം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മയക്കുമരുന്നുകടത്തലും അനധികൃത ആയുധ ഇടപാടുകളും നടത്തുന്ന സംഘങ്ങൾ, രാജ്യങ്ങൾ എന്നിവയുടെ വിവരങ്ങളും യോഗത്തിൽ ചർച്ചയായി.
ഭീകരസംഘടനകളെ നിരോധിക്കുന്ന കാര്യത്തിലും അൽഖ്വയ്ദ, ഐ.എസ്, ലഷ്‌ക്കർ, ജയ്‌ഷെ എന്നിവർ ഏഷ്യൻ മേഖലയിൽ ശക്തിപ്പെടുന്നതും ചർച്ചചെയ്തു. ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ ഇരുരാജ്യങ്ങളും അവതരിപ്പിച്ച പ്രമേയങ്ങളും അനുബന്ധ തെളിവുകളും മുൻനിർത്തിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Comments