ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി യുഎസ്-ഇന്ത്യ-ഭീകര വിരുദ്ധ സംയുക്ത സമിതി . താലിബാൻ, രാജ്യം പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റും, അൽ-ഖ്വയ്ദയും, പാകിസ്താൻ ആസ്ഥാനമായുള്ള മറ്റ് ഭീകരഗ്രൂപ്പുകളും അഫ്ഗാൻ മണ്ണിൽ വീണ്ടും സംഘടിക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ സംയുക്ത സമിതിയുടെ കൂടിയാലോചന. അഫ്ഗാൻ പ്രദേശത്ത് നിന്നുള്ള ഭീകരാക്രമണ ഭീഷണികളിൽ പരിഹാരം കാണുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സംയുക്ത സമിതി അറിയിച്ചു. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അൽ-ഖ്വയ്ദയുമായും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും താലിബാൻ ഇപ്പോഴും ബന്ധം തുടരുകയാണ്. അഫ്ഗാൻ മണ്ണിൽ തീവ്രവാദം ഇല്ലെന്ന് ഉറപ്പാക്കാൻ താലിബാന് സാധിക്കണമെന്നും ഇന്ത്യ യുഎസ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു എൻ എസ് സി പ്രമേയം 2593 (2021) അനുസരിച്ച്, അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇനിയൊരിക്കലും തീവ്രവാദികളെ പരിശീലിപ്പിക്കാനോ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനോ ധനസഹായം നൽകാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം. സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ഇക്കാര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചും തീവ്രവാദ ഭീഷണികളെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ചകൾ തുടരും. നാർക്കോട്ടിക് ഭീകര സംഘങ്ങളെകുറിച്ചും അന്തർദേശീയ ആയുധക്കടത്തിനെ പ്രതിരോധിക്കുന്നതിനും ഇരുപക്ഷവും ചർച്ചകൾ നടത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്നും യുഎസ് ആവർത്തിച്ചു വ്യക്തമാക്കി. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപരോധ സമിതി നിരോധിച്ച ഗ്രൂപ്പുകളായ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കർ ഇ തൊയ്ബ , ജയ്ഷെ ഇ മുഹമ്മദ് എന്നിവയുൾപ്പെടെ എല്ലാ ഭീകര ഗ്രൂപ്പുകൾക്കെതിരെയും നടപടിയെടുക്കണമെന്നും ഇരു രാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കലിനെതിരായുള്ള ആഗോള മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കണം. തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടാൻ എല്ലാ ലോകരാജ്യങ്ങളും തയ്യാറാവണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ ജോയിന്റ് സെക്രട്ടറി മഹാവീർ സിംഗ്വിയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് കോർഡിനേറ്റർ ജോൺ ഗോഡ്ഫ്രെയും ആണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
Comments