തിരുവനന്തപുരം: പിവി അൻവർ എംഎൽഎ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഉന്നയിച്ച മണിചെയിൻ ആരോപണം സഭാരേഖകളിൽ നിന്ന് നീക്കി. സ്പീക്കർക്ക് മുൻകൂർ നോട്ടീസ് നൽകാതെ ഉന്നയിച്ച ആരോപണമാണ് സഭാരേഖയിൽ നിന്ന് നീക്കിയത്. ആരോപണത്തിനെതിരെ വി.ഡി സതീശൻ പറഞ്ഞ മറുപടിയും രേഖകളിൽ നിന്ന് നീക്കിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങാതെ ഉന്നയിക്കുന്ന ആരോപണം ചട്ടലംഘനമാണെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പായിരുന്നു നിയമനിർമാണ വേളയിൽ പ്രതിപക്ഷ നേതാവ് സതീശനെതിരെ പി.വി അൻവർ ആക്ഷേപം ഉന്നയിച്ചത്. 1991-92 കാലത്ത് നടന്നതായി ചൂണ്ടിക്കാണിക്കുന്ന ഗുരുതരമായ അഴിമതി ആരോപണമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ ഇത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം വ്യഴാഴ്ച പ്രതികരിച്ചിരുന്നു. ആക്ഷേപം സഭ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കത്ത് നൽകിയിരുന്നു.
സംഭവത്തിൽ വിശദീകരണം നൽകാൻ വി.ഡി സതീശനോട് ആവശ്യപ്പെട്ട സ്പീക്കർ ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ ഒരു വിഭാഗം മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയമാണന്നും പ്രതികരിച്ചു. മുൻകൂർ അനുമതി വാങ്ങാതെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ സ്പീക്കർ ഇരുനേതാക്കളുടെയും ആക്ഷേപവും മറുപടിയും രേഖയിൽ നിന്ന് നീക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
Comments