കൊച്ചി: സ്വപ്‌നത്തിൽ കൂടുകെട്ടി കസ്തൂരിമാനായി തുള്ളിക്കളിച്ച് ആരോടും പറയാതെ ഒരു വിനോദയാത്രയ്‌ക്ക് പോയ മീര ജാസ്മിൻ ഈ പെരുമഴകാലത്ത് സിനിമാ അഭിനയത്തിലേയ്‌ക്ക് തിരിച്ചു വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഞ്ച് വർഷത്തിനുശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള തീരുമാനത്തിലാണ് മീരാ ജാസ്മിൻ.
ജയറാമും മീരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ മീരയ്‌ക്കും സത്യൻ അന്തിക്കാടിനുമൊപ്പമുള്ള ദൃശ്യങ്ങൾ ജയറാം ഇൻസ്റ്റഗ്രാമം പേജിൽ പങ്കുവെയ്ച്ചിട്ടുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ നൽകിയിരിക്കുന്നത്.
സിനിമയ്‌ക്ക് ഇതുവരെ പേര് നൽകിട്ടില്ല. കഥയും പേരും സസ്‌പെൻസ് ആണെന്നാണ് സംവിധായകന്റെ നിലപാട്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം പ്രിയ നടി തിരിചെത്തുന്ന സിനിമയെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മീര ജാസ്മിൻ ആദ്യമായി ഷൂട്ടിംഗിനെത്തിയപ്പോൾ കേക്ക് മുറിച്ചാണ് മടങ്ങിവരവ് സഹപ്രവർത്തകർ ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചത്.
മീരജാസ്മിനെ നായികയാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ രസതന്ത്രം,വിനോദയാത്ര,അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയം നേടിയവയാണ്.
ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലും മികച്ച സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. ജയറാമിന്റെ മികച്ച വിജയം നേടിയ കുടുംബ ചിത്രങ്ങൾ പലതും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്. സന്ദേശം,മനസ്സിനക്കരെ,യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്,തലയണമന്ത്രം, എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.















Comments