തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. ക്യാമ്പിൽ കഴിയുന്ന 16 മത്സ്യത്തൊഴിലാളികളാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി മൂന്നാഴ്‌ച്ചയ്‌ക്കകം വിശദീകരണം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സെന്റ് റോക്‌സ് കോൺവെന്റ് സ്‌കൂളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെയാണ് അവിടെ നിന്നും മാറ്റാൻ ശ്രമിക്കുന്നത്. രണ്ട് സെന്റ് വസ്തു മുതൽ അഞ്ച് സെൻറ് വരെ സ്വന്തമായുണ്ടായിരുന്ന മത്സ്യ തൊഴിലാളികൾക്കാണ് ഭൂമി നഷ്ടമായത്. 1000 സ്‌ക്വയർ ഫീറ്റ് വരെയുള്ള വീടുകളും ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് സ്ഥിരമായ ഒരു പുനരധിവാസ കേന്ദ്രം പോലും നൽകിയിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.
പ്രായപൂർത്തിയായ മക്കളെയും പ്രായമായ മാതാപിതാക്കളെയും കൊണ്ട് വഴിവക്കിൽ താമസിക്കാൻ കഴിയില്ലെന്ന് പരാതിയിൽ പറയുന്നു. വാടകക്ക് വീടെടുത്ത് താമസിക്കാൻ സാമ്പത്തിക സ്ഥിതിയില്ല. സ്ഥിരമായി താമസിക്കാൻ ഒരിടം ലഭിക്കുന്നതു വരെ സുരക്ഷിതമായ പുനരധിവാസം ഒരുക്കണമെന്നാണ് ആവശ്യം.
















Comments