വാഷിങ്ടൺ: അഫ്ഗാനിലെ പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിൽ. പെൺകുട്ടികളുടെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകുമെന്ന താലിബാൻ പൊതുവിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ പെൺകുട്ടികളെ അയയ്‌ക്കുന്നതിൽ താലിബാന്റെ നിലപാട് കാത്തിരിക്കുകയാണെന്നും അഫ്ഗാനിസ്ഥാനിലെ യൂണൈറ്റഡ് നേഷൻ ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്) പ്രതിനിധി സലാം അൽ ജനാബി പറഞ്ഞു.
നിലവിൽ അഫ്ഗാനിലെ ഗേൾസ് ഹൈസ്‌കൂളിൽ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രൈമറി സെക്കന്ററി സ്‌കൂളുകളിലായി പഠിക്കുന്ന 9.5 ദശലക്ഷം വിദ്യാർത്ഥികളിൽ 38 ശതമാനം പെൺകുട്ടികളാണ്. 2001 ൽ 1 ദശലക്ഷം കുട്ടികൾ പഠിക്കുന്നതിൽ 10 ശതമാനം മാത്രമായിരുന്നു പെൺകുട്ടികൾ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് യൂണിസെഫിനെപ്പോലുളള നിരവധി അന്താരാഷ്‌ട്ര ഏജൻസികളുടെ ശ്രമഫലമായി കൂടുതൽ അഫ്ഗാൻ പെൺകുട്ടികൾ സ്‌കൂളുകളിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്ത്രീകൾക്കും കുട്ടികൾക്കും നൽകി വരുന്ന വിദ്യാഭ്യാസ പുരോഗതി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രൈമറി സെക്കന്ററി വിദ്യാഭ്യാസം പെൺകുട്ടികളുടെ പുരോഗതിയ്‌ക്ക് അനിവാര്യമാണെന്നും സലാം അൽ ജനാബി വ്യക്തമാക്കി. സർക്കാറും മറ്റ് സന്നദ്ധ പ്രവർത്തകരുമായും ചേർന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന എജൻസിയാണ് യുണിസെഫ്.
മുൻപ് താലിബാനുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് സലാം അൽ ജനാബി പറയുന്നു. എന്നാൽ ഭരണമാറ്റവും തുടർന്നുണ്ടായ സ്ഥിതിയും അത് തുടരാൻ അനുകൂലമായ സാഹചര്യമല്ല ഒരുക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുണിസെഫ് പല പദ്ധതികളിൽ ഏർപ്പെടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നുവെങ്കിലും നിലവിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്പോൾ അത് സാധ്യമല്ല. മനുഷ്യാവകാശ പ്രവർത്തകർക്കോ സന്നദ്ധ സംഘടനാ പ്രവർത്തകർക്കോ ധൈര്യമായി സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാന് കൂടുതൽ സ്വാധീനമുളള പ്രദേശങ്ങളിലെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ഡിസംബറോടെ കർമ്മപദ്ധതി ആരംഭിക്കാനുളള ഒരുക്കത്തിലാണ് യൂണിസെഫ് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭരണകർത്താക്കളുമായി സഹകരിച്ച് കുട്ടികളുടെ ആരോഗ്യപുരോഗതിക്ക് ഉൾപ്പെടെ സഹായകമായ രീതിയിൽ പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments