ബംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് പിതാവ് രാജ് കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സംഭവവും പുനീതിന്റെ കുടുംബം അനുഭവിച്ച വേദനയും വീണ്ടും ഓർത്തെടുക്കുകയാണ് സൈബർ ലോകം. ജീവിതത്തിൽ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ദിവസങ്ങളായിരുന്നു പുനീതിന്റെ കുടുംബത്തിൽ പിന്നീട് സംഭവിച്ചത്.
2000 ജൂലൈ 30-ാം തീയതിയാണ് നടൻ രാജ് കുമാർ, മരുമകൻ ഗോവിന്ദ് രാജ്, ബന്ധുവായ നാഗേഷ് സഹസംവിധായകനായ നാഗപ്പ എന്നിവരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോകുന്നത്. രാജ്കുമാറിന്റെ മോചനം നീണ്ടുപോയതോടെ സുപ്രീം കോടതി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടിരുന്നു. വീരപ്പനിൽ നിന്നും രാജ്കുമാറിന് ഭീഷണിയുണ്ടായിട്ടും തമിഴ്‌നാട് പോലീസ് സുരക്ഷ ഏർപ്പെടുത്താതിരുന്നത് വലിയ വീഴ്‌ച്ചയായാണ് സുപ്രീം കോടതി വിലയിരുത്തിയത്.
1999ലാണ് രാജ്കുമാറിനെ വീരപ്പൻ നോട്ടമിട്ടിരിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോയി 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയച്ചത്. എന്നാൽ എങ്ങനെയാണ് രാജ്കുമാറിന്റെ മോചനം സാദ്ധ്യമായതെന്ന് ഇന്നും നിഗൂഢമാണ്. കോടിക്കണക്കിന് രൂപ വീരപ്പന് മോചനദ്രവ്യമായി നൽകിയെന്നും പ്രചാരണമുണ്ട്. എന്നാലിതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്കുമാറിന്റെ കുടുംബവും ഇത് നിഷേധിച്ചിരുന്നു.
സംഭവത്തിന്റെ വിചാരണ ദീർഘകാലം തമിഴ്‌നാട്ടിലെ കോടതിയിൽ നിന്നിരുന്നു. എന്നാൽ രാജ് കുമാറിന്റെ കുടുംബത്തിൽ നിന്നും ഒരാൾ പോലും സാക്ഷി പറയാനായി കോടതിയിൽ എത്തിയിരുന്നില്ല. 2018 സെപ്തംബറിൽ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒൻപത് പ്രതികളേയും കോടതി വെറുതെ വിടുകയും ചെയ്തു. കുടുംബം സാക്ഷിപറയാതിരുന്നതതാണ് വെറുതെ വിടാനിടയായ കാരണങ്ങളിലൊന്ന്. കേസിന്റെ വിധി വന്നപ്പോഴേക്കും വീരപ്പനും രാജ്കുമാറും ലോകത്ത് നിന്ന് വിടവാങ്ങി.
2004ൽ പ്രത്യേക അന്വേഷണ സംഘം വീരപ്പനെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. 2006ൽ രാജ്കുമാറും അന്തരിച്ചു. സ്ഥിരമായി നടക്കാൻ പോകുന്ന വ്യക്തിയായിരുന്നു രാജ്കുമാർ. രാവിലെ 20 മിനിറ്റ് നടന്നു വന്ന ശേഷം അദ്ദേഹം 11.30 ആയതോടെ ഒരു മെഡിക്കൽ ചെക്കപ്പ് നടത്തി. 1.50ന് അദ്ദേഹം സോഫയിൽ ഇരിക്കുകയായിരുന്നു. കുടുംബത്തിലെ ഒരു വ്യക്തിയോട് ഫാനിന്റെ സ്പീഡ് കുറക്കാൻ ആവശ്യപ്പെടുകയും ബോധരഹിതയായി സോഫയിൽ വീഴുകയുമായിരുന്നു. ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു പുനീതിന്റെ മരണവും….
















Comments