ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശിവക്ഷേത്രം തകർത്തതിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ക്ഷേത്രത്തിൽ നിന്ന് ശേഖരിച്ച വീഡിയോവിൽ ശിവന്റെ വിഗ്രഹം നശിപ്പിച്ചതായി കാണാം. അക്രമികൾ ക്ഷേത്രം തകർക്കുകയും രാമന്റെ വിഗ്രഹത്തിൽ നിന്ന് സ്വർണ്ണശൃംഖലയും കിരീടവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ശിരോമണി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ, അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ആക്രമണങ്ങൾ പാകിസ്താനിൽ ഒരു സാധാരണ കാഴ്ചയാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പെൺകുട്ടികളെ, മുസ്ലീം പുരുഷന്മാരെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയാണെന്നും സിർസ പറഞ്ഞു.
കഴിഞ്ഞ മാസം കൃഷ്ണജന്മാഷ്ടമിക്ക് മുന്നോടിയായി പാകിസ്ഥാനിലെ ഒരു കൃഷ്ണ ക്ഷേത്രം തകർത്തിരുന്നു. ഇപ്പോൾ ദീപാവലിക്ക് മുന്നോടിയായി മറ്റൊരു ക്ഷേത്രവും തകർത്തിരിക്കുകയാണ്. ഇപ്പോൾ എല്ലാ ഹിന്ദു ഉത്സവങ്ങൾക്കും മുന്നോടിയായി ക്ഷേത്രങ്ങൾക്ക് നേരെയുളള ആക്രമണം മതമൗലികവാദികൾ പതിവാക്കിയിരിക്കുകയാണ്. സിന്ധ് പ്രവിശ്യയിലും പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ പതിവാണ്. വിഷയത്തിൽ പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാണ് ന്യൂനപക്ഷ നേതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
Comments