മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. എക്‌സ് യുവി700യുടെ കസ്റ്റമൈസ്ഡ് എഡിഷൻ സ്വർണമെഡൽ ജേതാക്കളായ നീരജ് ചോപ്രയ്‌ക്കും സുമിത് ആന്റിലിനും കൈമാറിയിരിക്കുകയാണ് നിർമ്മാതാക്കൾ.
‘ ജീവിതത്തിലേയ്‌ക്ക് പുതിയ കൂട്ടുകാരനെ നൽകിയതിൽ ആനന്ദ് മഹീന്ദ്രയ്‌ക്ക് നന്ദി. പ്രത്യേകമായി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങൾക്കും ഏറെ കടപ്പെട്ടിരിക്കുന്നു. വാഹനവുമായി യാത്ര തിരിക്കാൻ കാത്തിരിക്കുന്നു’ വാഹനം സമ്മാനിച്ചതിൽ ആനന്ദ് മഹീന്ദ്രയ്‌ക്ക് നന്ദിയറിച്ച് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം വാഹനത്തിന്റെ ചിത്രവും നീരജ് പങ്കുവെച്ചു.
Thank you @anandmahindra ji for the new set of wheels with some very special customisation! I'm looking forward to taking the car out for a spin very soon. 🙂 pic.twitter.com/doNwgOPogp
— Neeraj Chopra (@Neeraj_chopra1) October 30, 2021
താരം പങ്കുവെച്ച ചിത്രത്തിൽ കാറിൽ ജാവലിൻ ത്രോയുടെ ഒരു സ്റ്റിക്കർ കാണാൻ സാധിക്കും. ഇതിന്റെ അടുത്തായി 87.58 എന്ന നമ്പറും കാണാം. രസകരമായ വസ്തുത എന്തെന്നാൽ നീരജ് ചോപ്ര 87.58 മീറ്റർ ജാവലിൻ എറിഞ്ഞാണ് ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ കരസ്ഥമാക്കിയത്. താരത്തിൻ കാറിന്റെ നമ്പറും ഇതിനോട് സാമ്യമുള്ളതാണ്. HR 06 AZ 8758 എന്നാണ് എക്‌സ് യുവി 700യുടെ നമ്പർ.
അതേസമയം പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം സുമിത് ആന്റിലിന് ആദ്യ എക്സ് യുവി700 ജാവലിൻ എഡിഷൻ ഇന്നലെ സമ്മാനമായി നൽകിയിരുന്നു. ജാവലിൻ എഡിഷന്റെ മൂന്ന് പ്രത്യേക പതിപ്പുകൾ മാത്രമെ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുള്ളൂ. ഇത്തിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്‌ക്കരണങ്ങളോടെയാണ് മഹീന്ദ്ര തയ്യാറാക്കുന്നത്. ഇതിൽ ഒന്നാണ് സുമിത് ആന്റിലിന് നൽകിയത്.
വാഹനത്തിന്റെ മുൻവശത്തെ വെർട്ടിക്കൽ ഗ്രിൽ സ്ലാട്ടുകളിലും പിൻഭാഗത്തെ ഡെക്കലുകളിലും ബ്രാൻഡ് ലോഗോയിലും കാണാവുന്ന ഒരു സ്വർണ്ണ നിറമാണ് പ്രത്യേക പതിപ്പിൽ കാണാൻ സാധിക്കുന്നത്. വാഹനത്തിന്റെ അകത്തും ഇത്തരത്തിലുള്ള ഒരു ഗോൾഡൻ ടച്ച് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. എക്സ് യുവി700യുടെ മറ്റ് വിശദാംശങ്ങൾ സാധാരണ മോഡലിലെ പോലെ മാറ്റമില്ലാതെ തുടരും.
















Comments