കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 1500 ഗ്രാം സ്വർണവുമായി മുംബൈ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച എയർ ഇന്ത്യാ വിമാന ജീവനക്കാരനാണ് പിടിയിലായത്.
എ.ഐ 695 വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചയാളെയാണ് കസ്റ്റംസ് പിടികൂടിയത്. പ്രതിയുടെ ബാഗേജിനുള്ളിൽ നിന്നും 1500 ഗ്രാം തൂക്കം വരുന്ന നാല് സ്വർണവളകളാണ് പരിശോധനയിൽ കസ്റ്റംസ് കണ്ടെത്തിയത്.
ഇയാളുടെ ബാഗേജിൽ സ്വർണമുള്ള കാര്യം നേരത്തേ വെളിപ്പെടുത്തിയിരുന്നില്ല. എയർ ഇന്ത്യാ വിമാന ജീവനക്കാരനായതു കൊണ്ടു തന്നെ ആർക്കും സംശയം തൊന്നിയിരുന്നില്ല. എന്നാൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോഴാണ് സ്വർണം പിടികൂടിയത്.
ഏതെങ്കിലും രാജ്യാന്തരയാത്രക്കാരൻ കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പരിശോധനയ്‌ക്ക് വിധേയമാക്കാതെ അഭ്യന്തര വിമാനത്തിലൂടെ പുറത്തേക്ക് കടത്താൻ ശ്രമിച്ചതാണോയെന്ന സംശയത്തെ തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് കൈമാറി.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അഞ്ച് കിലോ സ്വർണവുമായി ഒരു സ്ത്രീയടക്കം ഏഴ് പേർ പിടിയിലായിരുന്നു.
















Comments