മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ വാട്‌സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാർ ആര്യൻ ഖാന് മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാനാവില്ലെന്ന് പ്രത്യേക കോടതി. വാട്‌സ്ആപ്പ് ചാറ്റ് മതിയായ തെളിവല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ തുടർനടപടികളിൽ ആര്യൻ ഖാന് സഹായകമാകുന്ന നിരീക്ഷണിത്. ആചിത് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.എൻസിബി സമർപ്പിച്ച പഞ്ചനാമ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നുംവിശ്വസനീയമായി തോന്നുന്നില്ലെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
എൻസിബിയുടെ റിപ്പോർട്ട് പ്രകാരം ആചിത് കുമാർ ആണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിട്ടുള്ളത്.ആചിത് കുമാറുമായുള്ള ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റ് മാത്രമാണ് എൻ.സി.ബി.ക്ക് ഹാജരാക്കാൻ സാധിച്ചത്.
ഇത്തരം പ്രവർത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാൻ മറ്റൊരു തെളിവും ഹാജരാക്കിയിട്ടില്ല.ഗൂഡാലോചനയുടെ ഭാഗമായുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.സി.ബി.ക്ക് കഴിഞ്ഞിട്ടില്ല. ഇയാൾ ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാൽ ആചിത് കുമാറിനും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിൽ ആര്യനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന വാദം ആര്യൻ ഖാന് വേണ്ടി അഭിഭാഷകർ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ആര്യൻ മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ നിർണായക കണ്ണിയാണെന്നാണ് വാട്‌സ് ആപ്പ് ചാറ്റുകളിലൂടെ മനസിലാകുന്നതെന്നും അന്താരാഷ്‌ട്ര ബന്ധമുളള റാക്കറ്റാണ് ഇതിന് പിന്നിലെന്നുമാണ് എൻസിബി ചൂണ്ടിക്കാട്ടിയത്.
















Comments