ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോകരാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിൽ നടന്ന നിർണായക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് അമൃതുകൾ (നിർദ്ദേശങ്ങൾ) അടങ്ങിയ പഞ്ചാമൃതം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഫോസിൽ ഇതര ഇന്ധനക്ഷമത 2030 ഓടെ 500 മെഗാവാട്ടായി ഉയർത്തുമെന്നതാണ് ആദ്യനിർദ്ദേശം. 2030 ഓടെ രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ അൻപത് ശതമാനം പരിവർത്തിത ഊർജ്ജസ്രോതസുകളിൽ നിന്ന് സ്വായത്തമാക്കുമെന്നാണ് രണ്ടാമത്തെ നിർദ്ദേശം. ഇന്ന് മുതൽ 2030 വരെ ഇന്ത്യയിൽ ഉണ്ടാകുമെന്ന് കരുതുന്ന കാർബൺ വാതക പുറന്തളളൽ ഒരു ബില്യൻ ടൺ (100 കോടി ടൺ) കുറയ്‌ക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 2030 ഓടെ കാർബൺ ഉപഭോഗം 45 ശതമാനമാക്കി കുറയ്‌ക്കുമെന്നതാണ് നാലാമത്തെ നിർദ്ദേശം. 2070 ഓടെ രാജ്യം നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നതാണ് അഞ്ചാമതായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
ലൈഫ് എന്ന ഒറ്റവാക്കിലുളള മുന്നേറ്റമാണ് കാലാവസ്ഥാ വ്യതിയാനം നേരിടാനുളള ഊർജ്ജമായി ലോകത്തിന് മുൻപിൽ താൻ അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. LIFE എന്നാൽ ലൈഫ് സ്‌റ്റൈൽ ഫോർ എൻവയോൺമെന്റ് (പ്രകൃതിക്ക് വേണ്ടിയുളള ജീവിതചര്യ) എന്നായിരുന്നു പ്രധാനമന്ത്രി ഇതിന് നൽകിയ നിർവ്വചനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഗ്ലാസ്‌ഗോ ഉച്ചകോടി നിർണായകമാകുമെന്നാണ് ലോകരാജ്യങ്ങളും പരിസ്ഥിതിവാദികളും വിലയിരുത്തുന്നത്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും പല മേഖലകളിലും പരമ്പരാഗത രീതികളിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
Comments