ഏഥെൻസ് : ഹലാൽ, കൊഷർ മാംസങ്ങളുടെ കശാപ്പ് നിരോധിച്ച് ഗ്രീസ്. രാജ്യത്തെ പരമോന്നത കോടതിയായ ഹെല്ലെനിക് കൗൺസിൽ ഓഫ് സ്റ്റേറ്റ് ആണ് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം, ജൂത മതവിഭാഗങ്ങളുടെ മത പരിപാടികളിലാണ് ഇത്തരത്തിലുള്ള കശാപ്പ് നടത്താറ്.
പാൻഹെലെനിക് അനിമൽ വെൽഫയർ ആന്റ് എൻവിരോൺമെന്റൽ ഫെഡറേഷൻ നൽകിയ അപേക്ഷയിലാണ് കോടതി നടപടി. ഹലാൽ, കൊഷർ കശാപ്പിൽ മൃഗങ്ങളുടെ ബോധം നശിപ്പിക്കാതെയാണ് കൊല്ലാറ്. ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി വിഷയം ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കശാപ്പ് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.
മതപരിപാടികളിൽ മൃഗങ്ങളുടെ ഇറച്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണ് അവയെ പരിപാലിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പറയാൻ ആരംഭിച്ചത്. മയക്കിയ ശേഷം മാത്രമേ കൊലപ്പെടുത്താവൂ എന്ന നിയമത്തിന്റെ ലംഘനമാണ് ഹലാൽ കെഷർ കശാപ്പുകളിലൂടെ നടക്കുന്നത്. മൃഗങ്ങളുടെ സംരക്ഷണവും മതപരമായ ആചാരങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തിയ കോടതി കശാപ്പ് ശാലകളുടെ പ്രവർത്തനങ്ങളും വിലിയിരുത്താനും ആവശ്യപ്പെട്ടു.
അതേസമയം കോടതി വിധിയ്‌ക്കെതിരെ ഇസ്ലാമിക- ജൂത സമൂഹങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. കോടതിയുടെ നടപടി മത സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നതാണ്. യൂറോപ്പിൽ ഇരു വിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്നും ഇവർ ആരോപിച്ചു.
















Comments