കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇരട്ട സ്‌ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോർട്ട്. കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ സൈനിക ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.
400 ബെഡ്ഡുകളുള്ള സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. കാർ ബോംബായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും നിരവധി പേർക്ക് പരിക്കേറ്റിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്‌ഫോടനത്തിന് മുമ്പ് ചില ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിൽ സംഘർഷം നടന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലാണ് സംഭവം.
ആശുപത്രിക്ക് സമീപത്ത് നിന്നും ആദ്യം വെടിവെയ്പ്പാണ് ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ വലിയ സ്‌ഫോടനമുണ്ടായി. പത്ത് മിനിറ്റിന് ശേഷം മറ്റൊരു സ്‌ഫോടനവും നടന്നുവെന്ന് ആശുപത്രി ജീവനക്കാരനായ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലയിടത്തും നടന്ന ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.
















Comments