വാഷിംഗ്ടൺ : ഉപയോക്താക്കൾക്കായി ഗെയിം അവതരിപ്പിച്ച് അമേരിക്കൻ ഒടിടി പ്ലാറ്റ് ഫോം ആയ നെറ്റ്ഫ്‌ളിക്‌സ്. അഞ്ച് മൊബൈൽ ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ട്രെയ്ഞ്ചർ തിങ്ങ്‌സ്: 1984 (ബോണസ് എക്‌സ്പി), സ്‌ട്രെയ്ഞ്ചർ തിങ്ങ്‌സ് 3: ദി ഗെയിം (ബോണസ് എക്‌സ്പി), ഷൂട്ടിംഗ് ഹൂപ്‌സ് (ഫ്രോസ്റ്റി പോപ്പ്), കാർഡ് ബ്ലാസ്റ്റ് (അമുസോ & റോഗ് ഗെയിംസ്), റ്റീറ്റർ അപ്പ് (ഫ്രോസ്റ്റി പോപ്പ്) എന്നിവയാണ് ഗെയിമുകൾ. തുടക്കത്തിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ഗെയിം കളിക്കാൻ സാധിക്കുക.ലോകമെമ്പാടുമുള്ള നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായാണ് ഗെയിം കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
നെറ്റ്ഫ്‌ളിക്‌സ് ആപ്പിലെ പ്രത്യേകം തയ്യാറാക്കിയ ഗെയിം ടാബിലൂടെയോ ടാബ്‌ലെറ്റുകളിലെ ഡ്രോൺ ഡൗൺ മെനുവിലൂടെയോ ഗെയിം കണ്ടെത്താം. തുടർന്ന് ഇഷ്ടപെട്ട ഗെയിമുകൾ ഗൂഗിൾ പ്ലേസ്‌റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത ഗെയിമുകൾ നെറ്റ്ഫ്‌ളിക്‌സ് ആപ്പ് വഴി നേരിട്ട് ആക്‌സസ് ചെയ്യാം.
ഇത് ആൻഡ്രോയിഡ് ഡിവൈസുകൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികം താമസമില്ലാതെ ഐഒഎസ് ഉപഭോക്താക്കൾക്കും ഗെയിം ലഭ്യമാക്കും എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കി. പുതുതായി അവതരിപ്പിച്ച മൊബൈൽ ഗെയിമുകൾ തികച്ചും സൗജന്യമാണ്. യാതൊരു വിധ പരസ്യങ്ങളോ ഇൻആപ്പ് പർച്ചേയ്‌സുകളോ ഗെയിമിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
















Comments