പനാജി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവ സർക്കാരിന്റെ തീർത്ഥാടന പദ്ധതികൾ അതേപടി അനുകരിച്ച് കെജ്‌രിവാളിന്റെ പദ്ധതിയായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതതെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചു. ഗോവയിൽ ആംആദ്മി അധികാരം നേടിയാൽ സൗജന്യ തീർത്ഥയാത്ര അനുവദിക്കുമെന്ന് കെജ് രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
ഗോവയിൽ ബജറ്റിനിടെയാണ് സൗജന്യ തീർത്ഥാടന പദ്ധതി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിക്കുന്നത്. നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. പദ്ധതി പ്രകാരം രജിസ്‌ട്രേഷനും ആരംഭിച്ചു. തുടർന്ന് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി ഡൽഹി മുഖ്യമന്ത്രി അതേപടി അനുകരിക്കുകയായിരുന്നുവെന്നും കെജ്‌രിവാളൊരു കോപ്പി മാസ്റ്ററാണെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
അടുത്തവർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗോവയിൽ സന്ദർശനം നടത്തിയ അരവിന്ദ് കെജ്‌രിവാൾ ആംആദ്മി പാർട്ടി ഗോവയിൽ അധികാരത്തിലേറിയാൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു. ഗോവയിലെ ജനങ്ങൾക്ക് അയോദ്ധ്യയിലേക്കും അജ്മീർ ഷരീഫിലേക്കും വേളാങ്കണ്ണിയിലേക്കും സൗജന്യ തീർത്ഥാടന യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനമാണ് കെജ്‌രിവാൾ നടത്തിയത്. ഈ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments